Site iconSite icon Janayugom Online

സുരേഷ് ഗോപിയുടെ പരാമർശം അപലപനീയം: മന്ത്രി ഒ ആര്‍ കേളു

പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശം അപലപനീയമെന്ന് മന്ത്രി ഒ ആർ കേളു. ഭരണഘടനാ ലംഘനമാണ് ഈ വാക്കുകളിലൂടെ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നത്. എല്ലാവരെയും തുല്യരായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടന ലംഘിച്ചിരിക്കുന്നു എന്ന് മാത്രമല്ല നിലവാരത്തകർച്ചയുടെ അങ്ങേയറ്റത്താണ് അദ്ദേഹം നിൽക്കുന്നത്. മനുവാദികളുടെ താല്പര്യമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. ആര്‍എസ്എസിന് വിധേയപ്പെട്ട് മനുഷ്യരെ പല തട്ടുകളിലാക്കി ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മനോഭാവമുള്ള ജനപ്രതിനിധിയെ ഈ നാടിന് അംഗീകരിക്കാനാവില്ല. പ്രധാനമന്ത്രി ഭരണഘടനാലംഘനം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഒ ആര്‍ കേളു ആവശ്യപ്പെട്ടു.

Exit mobile version