Site iconSite icon Janayugom Online

സൂര്യഗായത്രി വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലപാതക കാരണമെന്ന് പ്രോസിക്യൂഷൻ: വിധി 30ന്

surya gayathrisurya gayathri

നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയുടെ കൊലപാതക കാരണം ക്രിമിനല്‍ സ്വഭാവമുളള പ്രതിയുടെ വിവാഹ ആലോചന യുവതിയും കുടുംബവും നിരസിച്ചതുകൊണ്ടെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ അന്തിമവാദത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.

സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം കത്തി പിടിച്ചു വാങ്ങി കുത്തിയതാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന്‍ ശക്തിയായി എതിര്‍ത്തു. പ്രതിയായ പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈയ്ക്ക് കൊലപാതകത്തിനിടെ പറ്റിയ മുറിവ് ഉയര്‍ത്തിയായിരുന്നു പ്രതിഭാഗം വാദം.

സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് പ്രതിയുടെ കയ്യിലെ മുറിവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്തതിലുള്ള വിരോധമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്‌പിയുമായ ബി എസ് സജിമോന്‍ നല്‍കിയ മൊഴി പ്രോസിക്യൂഷന് നിര്‍ണായക തെളിവായി മാറി. മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം 33 കുത്തുകള്‍ കുത്തിയത്. സൂര്യഗായത്രിയുടെ തല ചുമരില്‍ പിടിച്ച് ഇടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

അക്രമം തടയാന്‍ ശ്രമിച്ച അമ്മ വത്സലയെയും അച്ഛന്‍ ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കേസില്‍ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ക്ലാരൻസ് മിരാൻഡയും പരുത്തിപ്പള്ളി സുനിൽകുമാറും ഹാജരായി. വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയുമായ ബി എസ് സജിമോൻ, സിവിൽ പൊലീസ്‌ ഓഫിസർമാരായ സനൽരാജ് ആർ വി, ദീപ എസ് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

Eng­lish Sum­ma­ry: Surya Gay­athri mur­der case; ver­dict on 30th

You may also like this video

Exit mobile version