Site iconSite icon Janayugom Online

സമന്വയ ബൈഠക്കിന് ഇന്ന് തുടക്കം; ബിജെപിക്ക് കൂച്ചുവിലങ്ങിടാൻ ആർഎസ്എസ്

ഇന്ന് പാലക്കാട് തുടങ്ങുന്ന മൂന്ന് ദിവസത്തെ ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് ബിജെപിക്ക് കൂച്ചുവിലങ്ങിടുന്ന കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് സൂചന. ഇരു സംഘടനകളും തമ്മിലുള്ള ബന്ധം അടുത്ത കാലത്ത് വഷളായ പശ്ചാത്തലത്തിലാണ് പരിവാർ സംഘടനകളുടെ സംയുക്ത യോഗം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ ആർഎസ്എസിനെക്കുറിച്ച് നടത്തിയ പരാമർശവും അതിൽ ആര്‍എസ്എസ് നേതൃത്വത്തിൽ നിന്നുണ്ടായ പ്രതികരണവും പരിവാർ സംഘടനകളിലും പുറത്തും വലിയ ചർച്ചയായിരുന്നു. ഇതാവും സമന്വയ ബൈഠക്കിലെയും പ്രധാന ചർച്ച.
ബിജെപിയുടെ തുടക്കകാലത്ത് വലിയ ശക്തിയില്ലാതിരുന്നപ്പോൾ ആർഎസ്എസിന്റെ സഹായം വേണ്ടിയിരുന്നു. ഇപ്പോൾ ബിജെപി വളർന്നിരിക്കുന്നു. ആർഎസ്എസിന്റെ സഹായമില്ലാതെയും നിൽക്കാം — ഇതായിരുന്നു, ആർഎസ്എസിനെ ചൊടിപ്പിച്ച നഡ്ഡയുടെ വിവാദ പരാമർശം.
ബിജെപി അടക്കമുള്ള പരിവാർ സംഘടനകളുടെ സംസ്ഥാന ഘടകങ്ങളിലേക്ക് സംഘടനാ സെക്രട്ടറിയായി ആര്‍എസ്എസ് പ്രചാരകനെ നിയോഗിക്കുന്നതാണ് കീഴ് വഴക്കം. ഇങ്ങനെ നിയോഗിക്കപ്പെടുന്ന സംഘടനാ സെക്രട്ടറിക്ക് ഏതാണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് തുല്യമാണ് അധികാരം. കേരളത്തിൽ പക്ഷേ, ആ രീതി ഇരുകൂട്ടരും തമ്മിലുള്ള തുറന്ന മൂപ്പിളമ പ്പോരിനാണ് വഴിവച്ചത്. 

സംഘടനാ സെക്രട്ടറി കെ സുഭാഷിന്റെ പരിഷ്കാരങ്ങളോട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിയോജിച്ചതോടെ തുടക്കമിട്ട അന്തഃഛിദ്രം, സ്ഥാനമൊഴിയാനുള്ള സുഭാഷിന്റെ ആവശ്യപ്രകാരം ആര്‍എസ് എസ് നേതൃത്വം പ്രത്യേക യോഗം വിളിച്ചു കൂട്ടി സംഘടനാ സെക്രട്ടറിയെ പിൻവലിക്കുന്നതിൽ വരെയെത്തി. കർണാടകയിലും സമാന പ്രശ്നത്തിന്റെ പേരിൽ ഇതിന് അഞ്ചു മാസം മുമ്പ് പ്രചാരകനെ പിൻവലിച്ചിരുന്നു. മറ്റു പലയിടങ്ങളിലും ഈ വിധത്തിലുള്ള അങ്കം മുറുകിയതോടെ അതൃപ്തിയിലായ ആര്‍എസ്എസ് നേതൃത്വം, കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നതു വരെ പരിവാർ സംഘടനകളിലേക്ക് സംഘടനാ സെക്രട്ടറിമാരെ നിയോഗിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇതോടെ, സംഘ്പരിവാറിൽ ഒരു ചേരിതിരിവിന് സാധ്യതയുണ്ടെന്നുള്ള നിരീക്ഷണങ്ങൾ ദേശീയ മാധ്യമങ്ങളിൽ ശക്തമായി. ഇതിന് പിന്നാലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒരു രണ്ടാമൂഴം ആഗ്രഹിച്ചിരുന്ന ജെ പി നഡ്ഡയുടെ മുമ്പിൽ അതിനുള്ള പഴുത് അടഞ്ഞതായ വാർത്തകളും പരന്നു. ഇതോടൊപ്പം, ആര്‍എസ്എസ് പ്രചാരകരോ ആര്‍എസ്എസ് നേതൃത്വത്തിന് താല്പര്യമുള്ളവരോ ആയ ചില മുതിർന്ന നേതാക്കളുടെ പട്ടിക, ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ആര്‍എസ്എസ് തയ്യാറാക്കി കഴിഞ്ഞതായ വിവരങ്ങളും പുറത്തുവന്നു.
ഈ സാഹചര്യത്തിലാണ്, 32 സംഘ പരിവാർ സംഘടനകളുടെ യോഗം പാലക്കാട് വിളിച്ചിരിക്കുന്നത്. ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചകളാകും മുഖ്യമായും ബൈഠക്കിലുണ്ടാവുക എന്നാണ് വിവരം. പരിവാർ സംഘടനകളുടെ അധ്യക്ഷന്മാരും സംഘടനാ ജനറല്‍ സെക്രട്ടറിമാരും അടക്കം 300 പേരാണ് ബൈഠക്കിൽ പങ്കെടുക്കുക. 

Exit mobile version