Site icon Janayugom Online

പാക് വിരുദ്ധ പ്രക്ഷോഭത്തിനുനേരെ താലിബാന്‍ വെടിവയ്പ്

അഫ്ഗാനിലെ പാക് വിരുദ്ധ പ്രതിഷേധ മാര്‍ച്ചിനു നേരെ താലിബാന്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. അഫ്ഗാന്‍ വിഷയത്തിലുള്ള പാകിസ്ഥാന്‍ ഇടപെടല്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പാക് എംബസിക്ക് മുന്നില്‍ സമരം ചെയ്ത എഴുപതോളം പേര്‍ക്ക് നേരെ താലിബാന്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. ആർക്കും പരുക്കേറ്റതായി വിവരമില്ല. വെടിവയ്പ്പിനെ തുടർന്ന് ആളുകൾ ചിതറിയോടുന്നതിന്റെ വിഡിയോ പുറത്തുവന്നു.

 


ഇതുകൂടി വായിക്കു;അഫ്ഗാനിലെ യുദ്ധപ്രഭുക്കൾ


 

താലിബാൻ സർക്കാർ രൂപീകരണ ചർച്ചകളിലുൾപ്പെടെ അഫ്ഗാനിസ്ഥാന്റെ അഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടുന്നതിനെതിരെയാണ് പ്രതിഷേധമുയർന്നത്. അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഇന്റലിജന്‍സ് മേധാവി ഫയസ് ഹമീദ് കഴിഞ്ഞ ദിവസം അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ തലവനാകുമെന്ന് പ്രഖ്യാപിച്ചിരുന്ന മുല്ല അബ്ദുള്‍ ഗാനി ബരദാറുമായും ഫയസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

താലിബാനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയിരുന്ന പഞ്ശീറിലെ ദേശീയ പ്രതിരോധ സേന (എന്‍ആര്‍ഫ്) യെ താലിബാന്‍ പരാജയപ്പെടുത്തിയത് പാകിസ്ഥാന്‍ എയര്‍ ഫോഴ്സ് (പിഎഎഫ്) ന്റെ സഹായത്തോടെ ആണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാക് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. രാജ്യത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്. അഫ്ഗാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ അസാദാബാദ് നഗരത്തിലുണ്ടായ വെടിവയ്പില്‍ താലിബാന്‍ നിരവധി പ്രതിഷേധക്കാരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:Taliban fire on anti-Pak­istan protesters
You may also like this video

Exit mobile version