അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തേഞ്ഞുപോയെന്നും അവ മാറ്റിസ്ഥാപിക്കുകയാണെന്നും അതിനാലാണ് ഇന്റർനെറ്റ് ലഭ്യത നഷ്ടമായതെന്നുമാണ് താലിബാൻ നല്‍കുന്ന വിശദീകരണം. വാർത്തകൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലുടനീളം ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ താലിബാനോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. വിവാദത്തിൽ ആദ്യമായിട്ടാണ് താലിബാന്റെ പ്രതികരണം. ഇന്റർനെറ്റ് വിച്ഛേദം മൂലം ബാങ്കിങ്, വാണിജ്യം, വ്യോമഗതാഗതം എന്നിവയെല്ലാം താറുമാറായെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
അതേസമയം, അധാർമികതയ്‌ക്കെതിരെ പോരാടുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പുറപ്പെടുവിച്ച ഉത്തരവ് കാരണം കഴിഞ്ഞ മാസം നിരവധി പ്രവിശ്യകൾ ഇന്റർനെറ്റ് ഷട്ട്ഡൗൺ സ്ഥിരീകരിച്ചു.ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ശരിയല്ലെന്ന് പാകിസ്ഥാൻ പത്രപ്രവർത്തകരുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പിൽ പങ്കിട്ട പ്രസ്താവനയിൽ താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.

