Site iconSite icon Janayugom Online

മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി മായമ്മാർകുറിച്ചി ഗുരുവാങ്കോയിൽ പിള്ളയാർകോവിൽ സ്ട്രീറ്റ് നം. 7/170‑ൽ അരുണാസലത്തിന്റെ മകൻ എ സെൽവകുമാറാണ് പിടിയിലായത്.

കേരളാ ഭാഗ്യക്കുറി (ബിആർ 98) നമ്പർ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനാർഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റിൽ ഇയാൾ നേരിട്ടെത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആർ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിർമ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്.
വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് വകുപ്പ് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ എത്തിയ സംഘം സെൽവകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഭാഗ്യക്കുറി വകുപ്പു ഡയറക്ടറുടെ നിർദേശ പ്രകാരം വകുപ്പ് നൽകിയ ഔദ്യോഗിക പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

Exit mobile version