നൂറ് ജോടി കണ്ണുകളിലൂടെ 200 അന്ധര്‍ക്ക് പ്രപഞ്ചത്തെ കാണാൻ അവസരം ഒരുക്കിയതിന്റെ സന്തോഷത്തിലാണ് വടക്കേ കാരമുക്ക് പള്ളിക്ക് സമീപം പൊറത്തൂര് കിട്ടൻ ബെന്നി (56) എന്ന ടെയ്‌ലർ. കാൽ നൂറ്റാണ്ടോളമായി 1000 ലധികം മരണ വീടുകളിൽ കണ്ണുകൾ തേടി ബെന്നി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ കണ്ണ് സ്വീകരിച്ചതോടെ ബെന്നിയുടെ നന്മയ്ക്ക് നൂറ് ജോടി കണ്ണുകളുടെ പ്രകാശശോഭ. 6000 ലധികം പേരിൽ നിന്നും നേത്രദാനത്തിനുള്ള സമ്മത പത്രവും ബെന്നി ശേഖരിച്ചിട്ടുണ്ട്.
ജെക്കോബി എഴുതിയ മദർ തെരേസ എന്ന പുസ്തകം വായിച്ചതോടെയാണ് സമൂഹത്തിന് വെളിച്ചം പകരുന്ന സദ് പ്രവൃത്തികൾക്ക് ബെന്നിക്ക് പ്രചോദനമായത്. ഈ കാലത്താണ് അവയവദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് അറിയാൻ ബെന്നിക്ക് അവസരം ലഭിക്കുന്നതും. തുടര്‍ന്ന് മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ നേത്രങ്ങൾക്ക് വേണ്ടി തന്റെ സേവനം ഉപയോഗിക്കാൻ ബെന്നി തീരുമാനിക്കുകയായിരുന്നു.
1999ൽ ഏപ്രിൽ 15 ലെ വിഷുവിന് ആയിരുന്നു ആദ്യമായി കാരമുക്ക് സ്വദേശിയുടെ കണ്ണുകൾ നേത്രബാങ്കിലേക്ക് വാങ്ങി നൽകുന്നത്. നേത്രദാനത്തിന് വീട്ടുകാരെ പ്രേരിപ്പിക്കാനും ആര് മരിച്ചാലും അങ്കമാലി ഐ ഹോസ്പിറ്റലിൽ വിവരം അറിയിക്കാനും ബെന്നി മുന്നിലുണ്ടാകും. ആയിരത്തിലധികം മരണവീടുകളിൽ ബെന്നി കണ്ണുകൾ ദാനം ചെയ്യുമോ എന്ന് അന്വേഷിച്ച് പോയിട്ടുണ്ട്. ഇതിൽ 100 പേരുടെ കുടുംബമാണ് നേത്രദാനത്തിന് തയ്യാറായതെന്ന് ബെന്നി പറയുന്നു.
2009ലും 2017ലുമായി ബെന്നി തന്റെ മാതാപിതാക്കളുടെ കണ്ണും നേത്ര ബാങ്കിന് ദാനം ചെയ്തു. കണ്ടശ്ശാംകടവ് മേഖലയിൽ നിന്ന് മാത്രം 6 ദമ്പതികളുടെ കണ്ണുകൾ സ്വീകരിച്ചു. മണലൂർ പഞ്ചായത്തിൽ നിന്നും 60 ഓളം ജോടി കണ്ണുകൾ ബെന്നിയിലൂടെ മാത്രം ഐ ഹോസ്റ്റിറ്റലിന് കൈമാറിയിട്ടുണ്ട്. ഈ വിഷുവിനോടനുബന്ധിച്ച് ഒരാളുടെ കണ്ണ് ദാനമായി ലഭിച്ചപ്പോൾ ബെന്നിയുടെ ഡയറിയിൽ ‘നൂറാമത്തെയാൾ’ എന്നാണ് രേഖപ്പെടുത്തിയത്. ഈ സന്നദ്ധ പ്രവർത്തിന് 35 അവാർഡുകൾ ബെന്നിക്ക് ലഭിച്ചു കഴിഞ്ഞു. ഭാര്യ ബിന്ദുവും മക്കളായ ബിസ്നി, ബിനിസി എന്നിവരുടെ പൂർണ്ണ പിന്തുണയും ടൈലറിങ്ങ് ഷോപ്പ് നടത്തി ഉപജീവനം നടത്തുന്ന ബെന്നിക്കുണ്ട്.
English Summary: Taylor Benny gives sight to the blind
You may also like this video