ഉത്തർപ്രദേശിലെ വാരണാസിയിൽ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 48കാരനായ അധ്യാപകനെ മൂന്ന് പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു ദാരുണ സംഭവം. പ്രവീൺ ഝാ എന്ന അധ്യാപകനും പ്രതികളിലൊരാളായ ആദർശ് സിംഗും തമ്മിൽ പാർക്കിംഗിനെച്ചൊല്ലി വാക്കേറ്റമുണ്ടാകുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ആദർശ് തൻറെ രണ്ട് സഹായികളെയും കൂട്ടിയെത്തി അധ്യാപകനെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് ശരവണൻ പറഞ്ഞു.
അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാരണാസിയിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്നു ഝാ.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
പ്രതികളിലൊരാൾ പട്ന സർവകലാശാല അധികാരിയുടെ മകനാണെന്നാണ് റിപ്പോർട്ട്.

