Site iconSite icon Janayugom Online

മധ്യപ്രദേശിൽ അധ്യാപികയെ പെട്രോളൊഴിച്ച് തീകൊളുത്തി; വിദ്യാർത്ഥി അറസ്റ്റിൽ

മധ്യപ്രദേശിൽ 18കാരനായ വിദ്യാർത്ഥി 26കാരിയായ തൻറെ മുൻ അധ്യാപികയെ പെട്രോളൊഴിച്ച് തീകൊളുത്തി. തിങ്കളാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. നർസിംഗ്പൂർ ജില്ലയിലെ കോട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എക്സ്ലൻസ് സ്കൂളിലെ മുൻ വിദ്യർത്ഥി സൂര്യാൻശ് കൊച്ചാർ ആണ് പ്രതി. അധ്യാപിക തനിക്കെതിരെ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് പ്രവർത്തിക്ക് പിന്നിൽ. 

തിങ്കളാഴ്ച 3.30ഓടെ പ്രതി പെട്രോൾ നിറച്ച കുപ്പിയുമായി അധ്യാപികയുടെ വീട്ടിലേക്ക് പോകുകയും പെട്രോൾ അവരുടെ ദേഹത്തേക്ക് ഒഴിച്ച് കത്തിച്ച ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

10–15 ശതമാനം പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിയായ സൂര്യാൻഷും അധ്യാപികയുമായി കഴിഞ്ഞ രണ്ട് വർഷമായി അറിയാവുന്നവരാണ്. എന്നാൽ പ്രതിക്ക് അധ്യാപികയോട് പ്രണയം തോന്നുകയും ഇത് വളർത്തിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.രണ്ട് വർഷം മുൻപ് അധ്യാപിക പഠിപ്പിച്ചിരുന്ന സ്കൂളിൽ നിന്നും പ്രതിയെ പുറത്താക്കുകയും തുടർന്ന് മറ്റൊരു സ്കൂളിൽ പഠിച്ച് വരികയുമായിരുന്നു. 

ആഗസ്റ്റ് 15ന് സ്വാതന്ത്യ ദിന ആഘോഷങ്ങളോടനുബന്ധിച്ച് സാരി ധരിച്ചെത്തിയ അധ്യാപികയോട് പ്രതി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. അധ്യാപിക ഇത് റിപ്പോർട്ട് ചെയ്തതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു പ്രവർത്തിക്ക് പിന്നിലെ കാരണമെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനോജ് ഗുപ്ത പറഞ്ഞു.

സെക്ഷൻ 124എയും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ ഉണ്ടായിരിക്കുന്നതാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. 

Exit mobile version