തിരുവനന്തപുരത്ത് 32 ഗ്രാം എംഡിഎംഎയുമായി ടെക്കി പിടിയിലായി. ടെക്നോപാർക്കിലെ ഒരു കമ്പനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്. മുരിക്കുംപുഴ സ്വദേശിയായ ഇയാൾ ടെക്നോപാർക്കിനടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. ടെക്കികൾക്കാണ് പ്രധാനമായും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. കഴക്കൂട്ടം മൺവിളയിൽ വച്ചാണ് ഇയാൾ പൊലീസ് പിടിയിലായത്.
എംഡിഎംഎ കൂടാതെ കഞ്ചാവ് പൊതികളും 75,000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണമാകാമെന്നാണ് നിഗമനം. മിഥുൻ ലഹരി വിൽപ്പന നടത്തുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ ഇയാളുടെ ഇടപാടുകൾ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് ഇന്ന് എംഡിഎംഎ കൈമാറ്റം നടത്തുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.
ബെഗളൂരുവിൽ നിന്നാണ് മിഥുൻ മയക്കുമരുന്ന് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും എക്സൈസ് പറഞ്ഞു.