447 കോടിയുടെ ലിസ് നിക്ഷേപ തട്ടിപ്പ് കേസിൽ വർഷങ്ങൾക്ക് ശേഷം വിചാരണ പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണ് പത്ത് വർഷത്തിന് ശേഷം വിചാരണ പുനരാരംഭിക്കുന്നത്. പത്തുമാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി ഉത്തരവ്.
കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മാനേജിങ് ട്രസ്റ്റി പാലക്കൽ വീട്ടിൽ കുര്യാച്ചൻ ചാക്കോ അടക്കം ഒമ്പത് പ്രതികൾ പത്ത് വർഷം മുൻപാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊച്ചി നർക്കോട്ടിക് സെൽ അസി. കമ്മിഷണറായിരുന്ന പി എം ജോസഫ് സാജു സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നായിരുന്നു പ്രതികളുടെ പ്രധാന ആവശ്യം. ജോസഫ് സാജുവിന് അന്വേഷണം നടത്താൻ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.
തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, കേസിന്റെ വിചാരണ പത്ത് മാസത്തിനകം പൂർത്തിയാക്കാൻ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകി. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരിൽനിന്ന് 447 കോടി രൂപ പിരിച്ച കേസിൽ, ഒമ്പത് പ്രതികൾക്കെതിരെ 2012ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നേരത്തെ ഏഴ് പ്രതികളുണ്ടായിരുന്ന കേസിൽ തുടരന്വേഷത്തിന് ശേഷമാണ് രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്.
English Summary: Ten years later, trial in the Liz’s investment fraud case resumes
You may also like this video