‘എവിടെ ശിരസ് സമുന്നതവും
എവിടെ മനസ് നിർഭയവും
എവിടെ അറിവ് സ്വതന്ത്രവും
എവിടെയാണോ ഇടുങ്ങിയ
ഹൃദയഭീതികളാൽ ലോകം
ശിഥിലമാക്കപ്പെടാതിരിക്കുന്നതും
അവിടെ സ്വാതന്ത്ര്യത്തിന്റെ
മഹാസ്വർഗത്തിലേക്ക് എന്റെ നാടുണരട്ടെ’.
ഇന്ത്യൻ മണ്ണിലേക്ക്, ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി കൊണ്ടുവന്ന മഹാകവി രവീന്ദ്രനാഥ ടാഗോർ ഗീതാഞ്ജലിയില്‍ ഈവിധം ഉദ്ഘോഷിച്ചു.
ഓഗസ്റ്റ് 14 അർധരാത്രിയിൽ നിന്ന്, പാരതന്ത്ര്യത്തിന്റെ ഇരുട്ടിൽ നിന്ന് ഓഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യവെളിച്ചത്തിന്റെ സുപ്രഭാതത്തിലേക്ക് ഇന്ത്യ ഉണർന്നു. ടാഗോർ സ്വപ്നം കണ്ട സ്വാതന്ത്ര്യത്തിന്റെ മഹാസ്വർഗത്തിലേക്കുള്ള ഉയർച്ചയും ഉയിർത്തെഴുന്നേല്പും ഉണ്മയും ഉന്മേഷവും ഭാരതീയരുടെ ഹൃദയധമനികളിൽ പടർന്നുപിടിച്ച നിമിഷങ്ങൾ. പാരതന്ത്ര്യത്തിന്റെ കാരിരുമ്പുചങ്ങല പൊട്ടിച്ചെറിയുവാൻ, സ്വാതന്ത്ര്യത്തിന്റെ പുലരി സൃഷ്ടിക്കാൻ ഒന്നര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന എത്രയെത്ര രക്തസാക്ഷിത്വങ്ങൾ എത്രയെത്ര വീരേതിഹാസ പോരാട്ടങ്ങൾ. വൈദേശികരായ ലാലി കോളിന്‍സും ഡൊമിനിക് ലാപിയറും ചേർന്നെഴുതിയ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന കൃതിയില്‍ അത്രമേൽ ദാഹത്തോടെ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളുടെ സമാനതകളില്ലാത്തതും ത്യാഗസുരഭിലവും ഉജ്വലവുമായ ഏടുകൾ കാണാം.
ബ്രിട്ടീഷുകാർക്ക് ശുപാർശ സമർപ്പിക്കുവാനുള്ള കമ്മിറ്റിയായി ബ്രിട്ടീഷുകാരനായ എ ഒ ഹ്യൂമിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനവികാരമറിഞ്ഞ് പതിയെപ്പതിയെ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് എത്തി. ഗോപാലകൃഷ്ണ ഗോഖലെയുടെ മിതവാദി കോൺഗ്രസും ബാലഗംഗാധര തിലകന്റെ തീവ്രവാദി കോൺഗ്രസും ബ്രിട്ടീഷ് മേധാവിത്തത്തിനെതിരായി ശബ്ദിക്കുവാൻ തുടങ്ങി. ലാലാ ലജ്പത് റായി, സുരേന്ദ്രനാഥ ബാനർജി, ദാദാഭായി നവറോജി തുടങ്ങിയ ധീരന്മാരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരഭൂമിയിൽ, അടിച്ചമർത്തപ്പെട്ട ജനങ്ങളെ അണിനിരത്തി. ഭഗത് സിങ്, രാജഗുരു, സുഖദേവ്, ഉത്തംസിങ്, ബട്ഗേശ്വര ദത്ത്, ചന്ദ്രശേഖര ആസാദ്, ഹെമു കലാനി തുടങ്ങിയ വിപ്ലവകാരികൾ ധീരരക്തസാക്ഷിയായ മംഗൾ പാണ്ഡെയുടെ പാതയിലൂടെ സഞ്ചരിച്ചവരായിരുന്നു. സ്വാതന്ത്ര്യസമരഭൂമിയിൽ വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിയ ഇവർ ഇങ്ക്വിലാബിന്റെ ശബ്ദം മുഴക്കിക്കൊണ്ടു തന്നെ പെറ്റനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യു വരിച്ചു. മഹാത്മാഗാന്ധിയുടെ ആവിർഭാവവും ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വവും സ്വാതന്ത്ര്യസമരത്തിന് പുതിയ മുഖം നൽകി.
ഇതുകൂടി വായിക്കൂ: സംഘ്പരിവാര്‍ അജണ്ടയെ നെഞ്ചുവിരിച്ച് നേരിടും
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വർഗബഹുജന പ്രസ്ഥാനങ്ങളുടെയും പിറവിയോടെ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടവന്റെ രോദനത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നവന്റെ ആക്രോശമായി മാറി. ബ്രിട്ടീഷുകാർ മീററ്റ്, കാണ്‍പൂർ, പെഷവാർ ഗൂഢാലോചന കേസുകളിൽപ്പെടുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പലവട്ടം നിരോധിച്ചു. നൂറുകണക്കിന് കമ്മ്യൂണിസ്റ്റുകൾ രക്തസാക്ഷികളാവുകയും 10,000 കണക്കിന് കമ്മ്യൂണിസ്റ്റുകാർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്തു, ഈ കനൽവഴികളിലൂടെയാണ് പാരതന്ത്ര്യത്തിന്റെ കൂരിരുട്ടിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നാടുണർന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിച്ചിരുന്ന ബ്രിട്ടീഷുകാർ മതവൈരവും മതസ്പർധയും വർധിപ്പിച്ചുകൊണ്ട് നിരന്തരം വർഗീയ ലഹളകൾക്ക് തിരികൊളുത്തിയിരുന്നു. പശുവിനെയും പന്നിയെയും പോലും വർഗീയ ലഹളകൾക്കുള്ള ആയുധമാക്കി മാറ്റുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു.
1925ൽ രൂപംകൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘം ബ്രിട്ടീഷുകാരുടെ കൈകളിലെ മികച്ച ആയുധമായിരുന്നു. ബ്രിട്ടീഷുകാർക്ക് വേണ്ടി അവര്‍ വർഗീയ ലഹളകൾക്ക് നേതൃത്വം നൽകുകയും സവർക്കറെ പോലുള്ളവർ മാപ്പെഴുതിനൽകി രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിലും ബംഗാളിലും ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും ഇതരസംസ്ഥാനങ്ങളിലും വിവരണാതീതമായ വർഗീയലഹളകളുണ്ടാക്കി. അന്നാണ് നവഖാലിയിലെ കലാപബാധിത പ്രദേശങ്ങളിൽ ‘ഈശ്വര അള്ളാ തേരെ നാം സബ്കോ സന്മതി ദേ ഭഗവാൻ, രാമനും റഹീമും ഒന്ന് തന്നെ’ എന്ന് ഗാന്ധിജി പാഞ്ഞുനടന്നു പാടിയത്. ആ ഗാന്ധിജിയെ, സനാതന ഹിന്ദുവാണ് താൻ എന്ന് പറഞ്ഞ ഗാന്ധിജിയെ സംഘ്പരിവാര ഫാസിസ്റ്റുകൾ കൊന്നുകളഞ്ഞു. ഇന്നും ഗാന്ധി സംഘ്പരിവാര ഫാസിസ്റ്റുകളാൽ വീണ്ടുംവീണ്ടും വധിക്കപ്പെടുകയാണ്. ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാൻ അദ്ദേഹത്തിന്റെ കൊലയാളികൾ ഇന്നും വിസമ്മതിക്കുന്നു. അദ്ദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തി കോലം സൃഷ്ടിച്ച് അതിന്മേൽ വെടിയുതിർക്കുന്നു.
ഇതുകൂടി വായിക്കൂ: അന്വേഷണ ഏജന്‍സികളെന്ന വളര്‍ത്തുജീവികള്‍
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ ചരിത്രത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ അദ്ദേഹത്തിന്റെ പേരിലുള്ള ചരിത്ര പ്രദർശനശാലയുടെ പേര് തന്നെ നീക്കം ചെയ്യുന്നു. ഇന്ത്യയെ തകർത്ത പ്രധാനമന്ത്രിയാണ് നെഹ്രു എന്ന് യാതൊരു യുക്തിയും ഇല്ലാതെ പ്രചരിപ്പിക്കുന്നു. 464 വർഷത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബ്റി മസ്ജിദ് 1992ൽ അഞ്ചര മണിക്കൂര്‍കൊണ്ട് തകർത്തെറിഞ്ഞപ്പോൾ ഉടഞ്ഞുവീണത് ഇന്ത്യയുടെ മതേതര മാനവികതയുടെ മകുടങ്ങളാണ്. തുടർന്ന് വർഗീയ ലഹളകളുടെ പരമ്പരകളില്‍ പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ഹിറ്റ്ലറെ മാതൃകയാക്കണമെന്ന് പറഞ്ഞ ഗോൾവാള്‍ക്കറുടെ അനുചരൻ നരേന്ദ്രമോഡി 2002ൽ ഗുജറാത്തിൽ മുഖ്യമന്ത്രി ആയപ്പോൾ വംശഹത്യാപരീക്ഷണം നടത്തി. രണ്ടായിരത്തിലേറെ മനുഷ്യരെ കൊന്നുതള്ളി. അന്ന് മോഡി പറഞ്ഞു, ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം. നാളെ ഇന്ത്യയുടെ മണ്ണിൽ എവിടെയും ഗുജറാത്ത് ആവർത്തിക്കപ്പെടാം. മോഡി പ്രധാനമന്ത്രി ആയപ്പോൾ അത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാവുകയാണ്.
ഗോമാംസത്തിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും ഭാഷയുടെ പേരിലും മനുഷ്യരെ നിർദയം കൊന്നുതള്ളുന്നു. ഉത്തർപ്രദേശിൽ, മധ്യപ്രദേശിൽ, അസമിൽ, ഹരിയാനയിൽ, ഡൽഹിയിൽ, ബംഗാളിൽ, ആന്ധ്രാപ്രദേശിൽ കർണാടകയിൽ രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും പേരിൽ നടന്ന ആഘോഷവേളകളില്‍ ആയിരക്കണക്കിന് ന്യൂനപക്ഷക്കാർ പീഡിപ്പിക്കപ്പെട്ടു. രാമനെ നമിക്കൂ, അല്ലെങ്കിൽ രാജ്യം വിടു എന്നായിരുന്നു ആക്രോശം. ഏറ്റവും ഒടുവിൽ ഹരിയാനയും മണിപ്പൂരും ആളിക്കത്തുന്നു. സൈന്യവും പൊലീസും തന്നെ വിഘടനവാദികളിൽ ഒരു കൂട്ടർക്ക് ഒപ്പംനില്‍ക്കുകയും മറ്റൊരു കൂട്ടരെ കൊന്നൊടുക്കുകയും ചെയ്യുന്ന വെെരുധ്യത്തിനാണ് മണിപ്പൂർ സാക്ഷ്യം വഹിക്കുന്നത്. ഒരുവിഭാഗം മണിപ്പൂരിജനത തങ്ങൾക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന വാദം പോലും ഉയർത്തിക്കഴിഞ്ഞു. വംശീയകലാപം അയൽ സംസ്ഥാനങ്ങളായ നാഗാലാൻഡിലേക്കും, മേഘാലയയിലേക്കും മിസോറാമിലേക്കും വ്യാപിക്കുമ്പോഴും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ വത്മീകത്തിലാണ്. ഹരിയാനയിലും വംശഹത്യാപരീക്ഷണത്തിന്റ പാചകപ്പുര ഒരുക്കുകയാണ് സംഘ്പരിവാര ഭരണകൂടം. മണിപ്പൂർ കലാപത്തോടുള്ള മോഡി ഭരണകൂടത്തിന്റെ നിലപാട് വംശഹത്യാ പരീക്ഷണത്തോടുള്ള ആഭിമുഖ്യം തെളിയിക്കുന്നതാണ്.
ഇതുകൂടി വായിക്കൂ: എൻപിആർ എന്ന സംഘ്പരിവാര്‍ അജണ്ട
കച്ചവട ശക്തികളിലൂടെയാണ് ഇന്ത്യ അടിമത്തത്തിന്റെ അപായക്കെടുതിയിലേക്ക് വീണു പോയത്. ആദ്യം പറങ്കികൾ വന്നു, പിന്നാലെ ഫ്രഞ്ചുകാർ, ഡച്ചുകാർ ഒടുവിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപത്തിൽ ഇംഗ്ലീഷുകാർ. അവർ രാജ്യത്തിന്റെ കൊട്ടാരങ്ങളും കിരീടങ്ങളും സിംഹാസനങ്ങളും അന്തഃപുരങ്ങളും സ്വന്തമാക്കി. സാമ്പത്തികമായ അടിമത്തം രാഷ്ട്രീയത്തിലേക്ക് വഴിതുറക്കുമെന്ന ചരിത്രപാഠമാണിത്. അതു മറന്ന് ഇന്ത്യയുടെ പൊതുസമ്പത്ത് വിദേശ‑സ്വദേശ കുത്തക മുതലാളിമാർക്ക് അടിയറവയ്ക്കുകയാണ് മോഡിയുടെ ഫാസിസ്റ്റ് ഭരണകൂടം. സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിലെ ‘മറ്റാെന്നും വേണ്ട സ്വാതന്ത്ര്യം മാത്രം മതി’ എന്നതിൽനിന്ന് മാറി, ഇന്ന് സ്വാതന്ത്ര്യത്തെ അടിയറവച്ചുകൊണ്ട് എല്ലാം വില്പനയ്ക്ക് വയ്ക്കുന്നു. നമ്മുടെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, നവരത്നങ്ങളായ വ്യവസായങ്ങൾ, കൽക്കരിപ്പാടങ്ങൾ, ഉരുക്ക് ശാലകൾ, എണ്ണപ്പാടങ്ങൾ സർവതും വൈദേശിക കുത്തക മുതലാളിമാർക്ക് തീറെഴുതുന്നു. വിദ്യാഭ്യാസ മണ്ഡലത്തെ വർഗീയ ഫാസിസവൽക്കരിക്കുന്നു. ചരിത്ര‑ശാസ്ത്ര സത്യങ്ങളെ വിദ്യാഭ്യാസരംഗത്തു നിന്ന് ആട്ടിപ്പുറത്താക്കുകയും കപടസത്യങ്ങളെയും കപടചരിത്രങ്ങളെയും മിത്തുകളെയും അടിച്ചേല്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ കാർഷിക മേഖല തകർത്തു തരിപ്പണമാക്കി കുത്തക മുതലാളിമാർക്ക് വിറ്റഴിക്കുന്നു.
‘സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം’ എന്ന് തിരിച്ചറിഞ്ഞ് പൊരുതിജയിച്ച ജനതയെയാണ് മരണത്തെക്കാൾ ഭയാനകമായ അടിമത്തത്തിലേക്ക് 77-ാംസ്വാതന്ത്ര്യദിനത്തിൽ വലിച്ചിഴയ്ക്കുന്നത്. ‘മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം! വരുന്നു ഞാൻ’ എന്ന് കവി പാടിയതുപോലെ മരണത്തിന്റെ മണിമുഴക്കം ഉറഞ്ഞാടുമ്പോൾ ‘മധുരം വരാൻ’ സന്നദ്ധമല്ലാത്ത, പ്രതിരോധനിര കെട്ടിപ്പടുക്കുന്ന, സ്വാതന്ത്ര്യവും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ജാഗ്രതയോടെ നിലകൊള്ളുന്ന ഒരു ജനത ഇന്ത്യൻ മണ്ണിൽ വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ് പ്രത്യാശയുടെ കിരണങ്ങൾ പകരുന്നത്.