26 April 2024, Friday

അന്വേഷണ ഏജന്‍സികളെന്ന വളര്‍ത്തുജീവികള്‍

Janayugom Webdesk
September 22, 2022 5:00 am

ബിഹാറില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരുന്ന ജനതാദള്‍ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍ ബാന്ധവം ഉപേക്ഷിച്ച് പുറത്തുവരികയും പ്രതിപക്ഷത്തായിരുന്ന ആര്‍ജെഡിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തത് കഴിഞ്ഞ മാസമായിരുന്നു. അതുവരെ തങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന നിതീഷ് ബിജെപിയുടെ കണ്ണിലെ കരടായി മാറി. നിതീഷിനെ മുഖ്യമന്ത്രിപദത്തില്‍ നിലനിര്‍ത്തുന്നതിനു കാരണക്കാരനായ ആര്‍ജെഡി നേതാവ് തേജസ്വിയാദവ് കൂടുതല്‍ ശത്രുപക്ഷത്തേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. അടുത്തനാള്‍വരെ വിശുദ്ധനായിരുന്ന നിതീഷിനെതിരെ ഇപ്പോള്‍ വലിയ കുറ്റാരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെങ്കിലും പഴയ കേസുകള്‍ കുത്തിപ്പൊക്കുമെന്നും അദ്ദേഹത്തെ വേട്ടയാടുമെന്നുമുറപ്പാണ്. പ്രതിപക്ഷനേതാവായിരുന്ന, ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ വേട്ടയാടുവാന്‍ ആരംഭിക്കുയും ചെയ്തു. ഐആര്‍സിടിസി ഹോട്ടല്‍ കരാറുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് 2018ല്‍ അനുവദിച്ചതാണ് ജാമ്യമെന്നോര്‍ക്കണം. ഇപ്പോള്‍ തങ്ങളുടെ പിന്തുണയോടെ ഉണ്ടായിരുന്ന ബിഹാര്‍ സര്‍ക്കാറിനെ തകര്‍ത്തതിന്റെ പ്രതികാരം ബിജെപി, സിബിഐയെ ഉപയോഗിച്ച് ആരംഭിച്ചുവെന്നര്‍ത്ഥം. 2014ല്‍ ബിജെപി അധികാരമേറ്റതുമുതല്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെയും മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെയും സിബിഐ, ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്), ഐടി (ഇന്‍കം ടാക്സ് വകുപ്പ്) എന്നിവയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നതിന്റെ അവസാന ഉദാഹരണമായി ഇതിനെ എടുക്കാവുന്നതാണ്.


ഇതുകൂടി വായിക്കു:ചുവപ്പിനെ കാവികൊണ്ട് മായ്ക്കാനാകില്ല


ഇതുമായി ബന്ധപ്പെട്ട രണ്ടു കണക്കുകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അത് സിബിഐ, ഇഡി എന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചാണ്. വിവിധ സര്‍ക്കാര്‍ രേഖകളുടെയും കോടതി നടപടികളുടെയും വിവരങ്ങള്‍ സമാഹരിച്ച് ദേശീയ മാധ്യമം പുറത്തുവിട്ട കണക്കുകള്‍ ബിജെപി ഭരണകാലം സിബിഐ എത്രത്തോളം കൂട്ടിലടച്ചാണ് കിടക്കുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ്. ഇത്തരം ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന പ്രവണത കോണ്‍ഗ്രസിന്റെ കാലത്തുമുണ്ടായിരുന്നുവെങ്കിലും ഇത്രയധികം രൂക്ഷമായ സാഹചര്യം മുമ്പണ്ടായിട്ടില്ലെന്ന് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഒന്നും രണ്ടും യുപിഎ സര്‍ക്കാര്‍ ഭരിച്ച കാലയളവി (2004–14) ല്‍ രാഷ്ട്രീയനേതാക്കളായ 72 പേര്‍ക്കെതിരെ സിബിഐ അന്വേഷണമുണ്ടായതില്‍ 43 പേര്‍ പ്രതിപക്ഷത്തുള്ളവരായിരുന്നു. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷമുള്ള എട്ടുവര്‍ഷത്തിനിടെ പുതിയ കേസുകളുണ്ടായത് 124 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ്. ഇതില്‍ 118 (95 ശതമാനം) പേരും പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ളവരായിരുന്നു. കോണ്‍ഗ്രസ് ഭരണകാലയളവിലെ 72ല്‍ 29 പേര്‍ ആ പാര്‍ട്ടിയുടെ നേതാക്കളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ബിജെപിക്കാലത്ത് സിബിഐ അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ചെയ്ത 124 പേരില്‍ ആറ് ബിജെപിക്കാര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നത് യാദൃച്ഛികമല്ല. ഈ ആറുപേര്‍ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് സിബിഐ കേസ് ഏറ്റെടുത്തവയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി ഭരണമേറ്റതിനുശേഷം ഇഡിയുടെ വേട്ടയാടലിന് വിധേയരായ 121ല്‍ 115 പേരും പ്രതിപക്ഷകക്ഷികളുടെ നേതാക്കളാണെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തയിലുള്ളത്. യുപിഎ കാലത്ത് 26 ല്‍ 14 പേരായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളവര്‍. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ ചെറുക്കുന്നതിന് നിലകൊള്ളുന്ന ഒട്ടുമിക്ക പ്രാദേശിക കക്ഷി നേതാക്കളും ഇഡിയുടെ വലക്കെണിയില്‍പ്പെട്ടിട്ടുണ്ട്. ഇഡിയും സിബിഐയും വെറും രാഷ്ട്രീയ ഉപകരണമാണെന്നതിന്റെ ഉദാഹരണങ്ങളും വാര്‍ത്തയിലുണ്ട്.

 


ഇതുകൂടി വായിക്കു: കേന്ദ്ര ഏജൻസികളുടെ വീഴ്ച്ച, കുറ്റകൃത്യങ്ങൾ പെരുകുന്നതായി പരാതി


2014–15 കാലത്ത് സിബിഐ, ഇഡി എന്നിവ അന്വേഷിച്ച കേസുകളില്‍ ഒന്നായിരുന്നു ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പുകേസ്. അന്ന് കോണ്‍ഗ്രസിലായിരുന്ന ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആയിരുന്നു അന്വേഷണം. പക്ഷേ ശര്‍മ ബിജെപിയില്‍ ചേര്‍ന്നതോടെ ഈ കേസന്വേഷണം നിലച്ചമട്ടിലായി. ഡല്‍ഹിയിലും പഞ്ചാബിലും ഝാര്‍ഖണ്ഡിലുമെല്ലാം അധികാര അട്ടിമറിക്കു ശ്രമം നടത്തുന്ന ബിജെപി പല എംഎല്‍എമാര്‍ക്കും കോടികളുടെ വാഗ്ദാനം നല്കുന്നതിനൊപ്പം അതിനു വഴങ്ങുന്നില്ലെങ്കില്‍ ഇഡി, സിബിഐ അന്വേഷണം നേരിടേണ്ടിവരുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.

ബിജെപി ഇതര സര്‍ക്കാരുകളുള്ള തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിമാരെയും പ്രമുഖ നേതാക്കളെയും കേസെടുത്ത്, അന്വേഷണത്തിനെന്ന പേരില്‍ ജയിലില്‍ അടയ്ക്കുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരത്തില്‍ ജയിലിലായവരുടെ എണ്ണം ഒരു ഡസനോളമാണ്. തങ്ങളുടെ വരുതിയില്‍ നില്ക്കാത്ത ഉദ്യോഗസ്ഥരെയും ഈ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയോ കേസെടുത്ത് ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചില ഹൈക്കോടതികള്‍ ഉള്‍പ്പെടെ സിബിഐ എന്നത് കൂട്ടിലടച്ച തത്തയാണെന്ന നിരീക്ഷണം നടത്തിയത്. സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അന്വേഷണ സംവിധാനങ്ങള്‍ ബിജെപിയുടെ വളര്‍ത്തുജീവികള്‍ മാത്രമായി മാറിയെന്നര്‍ത്ഥം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.