Site iconSite icon Janayugom Online

യഥാര്‍ത്ഥ കോവിഡ് മരണം 47 ലക്ഷം; ലോകാരോഗ്യ സംഘടന കണക്കുകള്‍ പുറത്തുവിട്ടു

ലോകാരോഗ്യ സംഘടന കോവിഡ് മരണത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടു. ഇതനുസരിച്ച് 15 ദശലക്ഷം ആളുകളുടെ ജീവൻ ലോകമെമ്പാടും കോവിഡ് കവർന്നു. ഇന്ത്യയിൽ മാത്രം 47 ലക്ഷം കോവിഡ് മരണങ്ങളുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കിന്റെ പത്ത് മടങ്ങാണ്. 5.4 ലക്ഷമാണ് കേന്ദ്രം അംഗീകരിച്ച കോവിഡ് മരണം.

ലോകത്താകമാനം 2020 ജനുവരി ഒന്നിനും 21 ഡിസംബർ 31 നും ഇടയിൽ കോവിഡുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട മരണം ഏകദേശം 14.9 ദശലക്ഷമാണ്. ഇത് 13.3 ദശലക്ഷം മുതൽ 16.6 ദശലക്ഷം വരെയാകാം. ഇതിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പല രാജ്യങ്ങളും ശരിയായ രീതിയിലല്ല കണക്കാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയ്ക്കൊപ്പം റഷ്യ, ഇന്തോനേഷ്യ, യുഎസ്എ, ബ്രസീൽ, മെക്സിക്കോ, പെറു എന്നിവ ഏറ്റവും കൂടുതൽ മരണങ്ങളുള്ള രാജ്യങ്ങളാണ്.

റഷ്യയിലെ കോവിഡ് മരണം അവര്‍ രേഖപ്പെടുത്തിയതിന്റെ മൂന്നര മടങ്ങാണ്. ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 41 എണ്ണത്തിനും വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളില്ല. ‘ഇതൊരു ദുരന്തമാണ്. നഷ്ടപ്പെടുന്ന ജീവിതങ്ങളെ ബഹുമാനിക്കേണ്ടത് പ്രധാനമാണ്. നയരൂപീകരണക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണം’- ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ വിഭാഗത്തിൽ നിന്നുള്ള ഡോ. സമീറ അസ്മ പറഞ്ഞു. കോവിഡിന്റെ ആഘാതത്തിലേക്ക് മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളിൽ അവശ്യ സേവനങ്ങൾ നിലനിർത്താൻ കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനം എല്ലാ രാജ്യങ്ങളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഞെട്ടിക്കുന്ന കോവിഡ് മരണകണക്കുകള്‍ വിരൽ ചൂണ്ടുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

എന്നാല്‍ അധിക മരണനിരക്ക് കണക്കാക്കുന്നതിന് ഗണിതശാസ്ത്ര മാതൃകകൾ ഉപയോഗിക്കുന്നതിൽ ഇന്ത്യയുടെ ആശങ്കകളെ പരിഗണിക്കാതെയാണ് ലോകാരോഗ്യ സംഘടന കണക്കുകൾ പുറത്തുവിട്ടതെന്നും ഉപയോഗിച്ച മാതൃകകളുടെ സാധുതയും ഡാറ്റാശേഖരണത്തിലെ രീതിശാസ്ത്രവും സംശയാസ്പദമാണെന്നും ഇന്ത്യ പ്രതികരിച്ചു.

അതേസമയം വിവിധ ഏജന്‍സികൾ നേരത്തെ നടത്തിയ വ്യത്യസ്ത പഠനങ്ങളിൽ ഇന്ത്യയിലെ കോവിഡ് മരണം ഔദ്യോഗിക കണക്കിനെക്കാൾ ഉയർന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയത്. വാഷിങ്ടണിലെ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റിന്റെ പഠനത്തിൽ 2020 ജനുവരി മുതൽ 21 ജൂൺ വരെ അത് അരക്കോടിയോളമാണ്. കഴിഞ്ഞദിവസം രജിസ്ട്രാർ ജനറൽ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് കാലയളവിൽ 6.2 ശതമാനം അധിക മരണം രേഖപ്പെടുത്തിയിരുന്നു.

ലോകത്ത് മരണം ഒന്നരക്കോടി

ലോകമെമ്പാടും 15 ദശലക്ഷം ആളുകളുടെ മരണത്തിന് കോവിഡ് കാരണമായി. രണ്ട് വർഷത്തിനിടെ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ 13 ശതമാനം കൂടുതൽ മരണങ്ങളാണുണ്ടായത്. എന്നാൽ 5.4 ദശലക്ഷം മാത്രമാണ് രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 5.4 ദശലക്ഷത്തിന് ശേഷമുള്ള 9.5 ദശലക്ഷത്തിലധികം മരണങ്ങളിൽ ഭൂരിഭാഗവും വൈറസ് മൂലമുണ്ടായ നേരിട്ടുള്ള മരണങ്ങളാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യുകെ, അമേരിക്ക, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലെ മരണനിരക്ക് 2020 ലും 21‑ലും ആഗോള ശരാശരിയേക്കാൾ മുകളിലായിരുന്നു.

റഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, മെക്സിക്കോ, പെറു എന്നിവിടങ്ങളിലും കൂടുതൽ മരണങ്ങളുണ്ടായി. ആഫ്രിക്കയിൽ സ്ഥിതിവിവരക്കണക്കുകളേയില്ല. മരണനിരക്ക് കുറവുള്ള രാജ്യങ്ങളിൽ ചൈന ഉൾപ്പെടുന്നുണ്ട്.

Eng­lish summary;The actu­al covid death was 47 lakhs; The World Health Orga­ni­za­tion has released the figures

You may also like this video;

Exit mobile version