Site iconSite icon Janayugom Online

ക്രെെസ്തവ സംഘടനയുമായി ബിജെപി ഭിന്നിപ്പിക്കല്‍ ലക്ഷ്യം

കേരളത്തിൽ ന്യൂനപക്ഷ വോട്ടുകള്‍ ഏതുവിധേനയും ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി രൂപീകരിക്കുന്ന ക്രൈസ്തവ സംഘടന സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ നേതൃത്വത്തില്‍ ചര്‍ച്ച. കഴിഞ്ഞദിവസം കോട്ടയത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ക്നാനായ കത്തോലിക്കാ സഭ വൈദികരുമായി ചർച്ച നടത്തി. ബിജെപിയുടെ ക്രൈസ്തവ സംഘടനയില്‍ ക്നാനായ കത്തോലിക്കാ സഭയുടെ പങ്കാളിത്തത്തെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നാണ് സൂചന.
കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി അധ്യക്ഷൻ മൈക്കിൾ വെട്ടിക്കാട്ട് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് ജെ പി നഡ്ഡ കാരിത്താസ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ദേശീയ അധ്യക്ഷൻ എത്തിയതെന്നാണ് സഭയുടെ വിശദീകരണം. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും 45 മിനിറ്റ് മാത്രമാണ് ഇദ്ദേഹം അവിടെ ചെലവഴിച്ചതെന്ന് ബിജെപി നേതൃത്വവും പറയുന്നു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ നഡ്ഡയുടെ പരിപാടികളില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള ചർച്ചയുണ്ടായിരുന്നില്ല. രാത്രി പെട്ടെന്ന് നിശ്ചയിച്ചതായിരുന്നു ചർച്ച. മുൻ കേരളാ കോൺഗ്രസ് നേതാവാണ് കൂടിക്കാഴ്ചയിൽ മധ്യസ്ഥനായി പ്രവർത്തിച്ചതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഒരു മണിക്കൂറോളം മതമേലാളന്മാരുമായി സംസാരിച്ച ബിജെപി നേതാവ് എൻഐഎ റെയ്ഡ് അടക്കമുള്ള കാര്യങ്ങളാണ് സഭയുമായി പങ്കുവച്ചത്. രാജ്യം തീവ്രവാദ ഭീഷണിയിലായ സാഹചര്യത്തിൽ ബിജെപിയും കേന്ദ്ര സർക്കാരുമായി സഭ സഹകരിക്കണമെന്നായിരുന്നു നഡ്ഡ പുരോഹിതന്മാരോട് പറഞ്ഞത് എന്നാണറിയുന്നത്.
അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി കേന്ദ്ര നേതാക്കളായിരിക്കും പ്രചരണം നയിക്കുയെന്ന് നഡ്ഡ സൂചന നല്കി. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കാടിളക്കി പ്രചരണം നടത്തുക എന്ന ഉത്തരേന്ത്യന്‍ തന്ത്രമായിരിക്കും ബിജെപി കേരളത്തിലും ആവർത്തിക്കുക. ഇതിനായി ദേശീയ അധ്യക്ഷൻ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കൾ വീടുകയറി പ്രചരണം നടത്തും.
തിരുവനന്തപുരത്ത് ചേ‍ർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായിരുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിന്റെയും ചുമതല ഓരോ ദേശീയ നേതാക്കൾക്കായിരിക്കും. ഇവ‍ർ എല്ലാ മാസവും നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്താനും ധാരണയായിട്ടുണ്ട്. 

Eng­lish Sum­ma­ry: The aim is to divide the BJP with the Chris­t­ian organization

You may like this video also

Exit mobile version