Site iconSite icon Janayugom Online

പെരുമ കൈവിടാതെ പഴമക്കാര്‍…

ചമയത്തിലും ചുവടിലും ഒട്ടും ആര്‍ഭാടം പാടില്ലാത്ത തിരുവാതിര മത്സരത്തില്‍ പെരുമ കൈവിടാതെ അവര്‍ തന്മയത്തോടെ ആടിക്കളിച്ചു. വയോജനോത്സവത്തിലെ ആദ്യ മത്സര ഇനമായിരുന്നു തിരുവാതിര. എട്ട് പേരടങ്ങുന്ന രണ്ട് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഡോ. സുനന്ദ, ശാന്ത, രാധിക, ഡോ. ഉഷ ബാലരാമന്‍, രാധമ്മ, ബിന്ദു, രാധമ്മ, ലത… എന്നിവരുടെ സംഘത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. റിഗാറ്റ ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. എന്നാല്‍ തിരുവാതിര ഡോ. സുനന്ദയുടെ നേതൃത്വത്തിലാണ് പഠിച്ചത്. ഏതാണ്ട് മൂന്നാഴ്ച എടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്.

നൃത്തം ചെയ്യുമ്പോള്‍ പ്രായം മറക്കുമെന്നാണ് ടീമിന്റെ അഭിപ്രായം. ഇത് ഒരു അനുഭൂതിയാണെന്നും അവര്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളജിലെ വിമണ്‍സ് യൂണിയനിലെ അംഗങ്ങളാണ് എല്ലാവരും. ബാങ്കിലും, കോളജിലും സേവനമനുഷ്ടിച്ച് വിശ്രമ ജീവിതം നയിക്കുന്നവരാണ്. പണ്ട് മക്കളെ കലോത്സവത്തിനു കൊണ്ടുപോയ അനുഭവം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. ഇന്ന് മത്സരിക്കാനായി ഒരു വേദി കിട്ടിയതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. 60 നും 70 നും മുകളില്‍ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്. കാല് വേദന ഉള്‍പ്പെടെ പലര്‍ക്കും ഉണ്ട്. എന്നാല്‍ സ്റ്റേജില്‍ കയറിയപ്പോള്‍ വേദനയെല്ലാം മറന്നു. വിശ്രമ ജീവിതമാണെങ്കിലും വീട്ടില്‍ വെറുതെ ഇരിക്കാന്‍ സമയമില്ല. ഡാന്‍സ് പരിശീലനം ഉള്‍പ്പെടെ ഓരോ ദിവസവും തിരക്കോട് തിരക്കാണെന്നും പ്രായം ഒന്നിനും ഒരു തടസമല്ലെന്നും അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

Exit mobile version