Site iconSite icon Janayugom Online

സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കാണുന്ന സമീപനം ഉപേക്ഷിക്കണം

സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കാണുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ക്കും നിയമനിര്‍മ്മാണ അധികാരങ്ങള്‍ക്കും മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് നമ്മുടെ രാജ്യത്ത് നടന്നുവരുന്നതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാദത്തമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ എത്തിച്ചിരിക്കുന്നത്. സാമൂഹ്യക്ഷേമം ഉള്‍പ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയില്‍ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാല്‍, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് കേന്ദ്ര സര്‍ക്കാരിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാദത്തമായ മാര്‍ഗമാണ് ധനകാര്യ കമ്മിഷനുകള്‍.

15-ാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനത്തിന്റെ വിഹിതം നിശ്ചയിച്ചപ്പോള്‍തന്നെ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. അതിന് പുറമെയാണ് 15-ാം ധനകാര്യ കമ്മിഷന്റെ അംഗീകരിക്കപ്പെട്ട ശുപാര്‍ശകളെ മറികടന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വായ്പാപരിധി 2021–22 മുതല്‍ മുന്‍കാല പ്രാബല്യത്തിലൂടെ വെട്ടിക്കുറച്ചത്. ഇതോടൊപ്പം തന്നെ ലഭിക്കേണ്ട ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇതെല്ലാം തന്നെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടികളാണെന്ന കാര്യത്തില്‍ സംശയമില്ല.
യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പരമാധികാരം ഉള്ളതുപോലെ സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പരമാധികാരമുണ്ട്. ഭരണഘടന ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. അതിനാല്‍ സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കാണുന്ന ജനാധിപത്യവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്ത സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷം നാടകം കളിക്കുന്നു: കെ എന്‍ ബാലഗോപാല്‍

കേന്ദ്രത്തിനെതിരെ ഒരുമിച്ച് നിന്നാല്‍ ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് എന്തെങ്കിലും വിഷമമുണ്ടാകുമോ എന്ന ഭയമാണ് പ്രതിപക്ഷത്തിനെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭ ഐകകണ്ഠ്യേന അംഗീകരിക്കേണ്ട പ്രമേയമാണ് അവതരിപ്പിച്ചത്. ഈ വിഷയത്തില്‍ സഭ ഒരുമിച്ച് ശബ്ദം ഉയര്‍ത്തേണ്ടതാണ്. എതിരഭിപ്രായം ഉണ്ടാകേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. ആ പ്രമേയത്തെ അംഗീകരിക്കേണ്ടിവരുമെന്നതുകൊണ്ടാണ് നാടകം കളിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Summary:The approach of see­ing the states as sub­or­di­nate units of the Cen­ter should be abandoned
You may also like this video

Exit mobile version