സാമ്രാജ്യത്വ കിങ്കരന്മാരെ ആട്ടിപ്പായിച്ച് നാടിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മകളുമായി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്‌ണപിള്ളയുള്ള കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ദീപശിഖാ പ്രയാണം നടത്തുക.
സിപിഐ (എം) നേതാവ് ജി സുധാകരൻ ദീപശിഖ അത്‌ലീറ്റുകൾക്ക് കൈമാറി. ദീപശിഖ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയായി വയലാറിലേക്ക് പ്രയാണം തുടങ്ങും. നിരവധി ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 11 മണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തുമ്പോൾ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ ദീപം ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. വൈകിട്ട് പുന്നപ്ര‑വയലാർ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.

