സമ്പന്നരായ കര്‍ഷകരാണ് കര്‍ഷകപ്രക്ഷോഭത്തിന് പിന്നിലുള്ളതെന്ന ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം പൊളിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായി ഒരു വര്‍ഷത്തോളമായി നടന്നുവരുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ മരിച്ച കര്‍ഷകരില്‍ ഭൂരിഭാഗവും മൂന്നേക്കറില്‍ താഴെ മാത്രം കൃഷിസ്ഥലമുള്ളവരാണെന്നാണ് പട്യാലയിലെ പഞ്ചാബി സര്‍വകലാശാലയിലെ രണ്ട് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അറുന്നൂറോളം കര്‍ഷകരാണ് സമരത്തിനിടയില്‍ മരണമടഞ്ഞതെന്നാണ് കര്‍ഷകസംഘടനകളുടെ കണക്ക്. ശരാശരി 2.94 ഏക്കര്‍ സ്ഥലത്താണ് മരണമടഞ്ഞ കര്‍ഷകര്‍ കൃഷി ചെയ്തിരുന്നത്.
മറ്റുള്ളവരുടെ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ മരണമടഞ്ഞവരില്‍ ഒരാള്‍ക്ക് ശരാശരി 2.26 ഏക്കര്‍ കൃഷിഭൂമി മാത്രമാണ് സ്വന്തമായുള്ളതെന്ന് പഠനം നടത്തിയ, പഞ്ചാബി സര്‍വകലാശാല സാമ്പത്തിക വിഭാഗം മുന്‍ പ്രൊഫസര്‍ ലഖ്‌വിന്ദര്‍ സിങും സാമൂഹ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബല്‍ദേവ് സിങും ചൂണ്ടിക്കാട്ടുന്നു. കര്‍ഷക സമരത്തിനിടയില്‍ കഴിഞ്ഞ 11 മാസത്തിനിടയില്‍ മരിച്ച 600 കര്‍ഷകരില്‍ 460 പേരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. പാവപ്പെട്ടവരോ, ഇടത്തരം വരുമാനമുള്ളവരോ, സ്വന്തമായി കൃഷിഭൂമിയില്ലാത്തവരോ ആയ കര്‍ഷകരാണ് സമരത്തിനിടയില്‍ മരിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു. സമരത്തിനിടയില്‍ മരിച്ച കര്‍ഷകരുടെ ശരാശരി പ്രായം 57 ആണ്. ഇവരില്‍ മിക്കവരുടെയും കുടുംബം ദാരിദ്ര്യാവസ്ഥയിലാണ് കഴിയുന്നതെന്നും പഠനത്തിൽ കണ്ടെത്തി. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാകുന്നതോടെ തങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുമെന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തത്. കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് കര്‍ഷകസമരവേദിയിലെ ഭൂരിഭാഗം മരണങ്ങളും നടന്നിരിക്കുന്നതെന്നും പഠനം കണ്ടെത്തുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആരംഭിച്ച സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് ആദ്യദിനങ്ങളില്‍ തന്നെ അതിശൈത്യമാണ് നേരിടേണ്ടിവന്നത്. പിന്നീട് കടുത്ത ഉഷ്ണതരംഗത്തിന്റെ ഭീകരത നേരിടേണ്ട സാഹചര്യവും ഇവിടെയുണ്ടായി. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കൂടാരങ്ങളില്‍ അതിശൈത്യവും കടുത്ത ചൂടും സഹിച്ചാണ് കര്‍ഷകര്‍ ഒരു വര്‍ഷത്തോളമായി സമരത്തില്‍ തുടരുന്നത്. പൊലീസ് നടപടികളിലും വാഹനമിടിച്ചുകയറിയും കര്‍ഷകപ്രക്ഷോഭകരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതവും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സമാധാനപരമായ രീതിയിലൂടെ ഒരു വര്‍ഷത്തോളമായി തുടരുന്ന സമരം രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്നാണ് ലഖ്‌വിന്ദര്‍ സിങും ബല്‍ദേവ് സിങും അഭിപ്രായപ്പെടുന്നത്.
english summary: The BJP’s claim that rich farmers were behind the agitation was refuted
you may also like this video