Site icon Janayugom Online

കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് പരിശോധനാ ഫലം: ഒന്നാം പ്രതി കീഴടങ്ങി

kiran

കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് ഡിഎൻഎ പരിശോധനാ ഫലം. മൊട്ടമൂട് വള്ളോട്ടുകോണം ആർസി പളളിയ്ക്ക് സമീപം മധുവിന്റെയും മിനിയുടെയും മകനായ കിരണിന്റെ(25) മൃതദേഹമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. കിരണിന്റെ മൃതദേഹത്തിൽ നിന്നെടുത്ത അസ്ഥിമജ്ജയുടെ സാമ്പിൾ അമ്മ മിനിയുടെ രക്തസാമ്പിളുമായി തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ നടത്തിയ പരിശോധനയിൽ ഒന്നാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധനാഫലം കോടതിയ്ക്ക് കൈമാറിയിരുന്നു. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ താൽക്കാലിക കോടതിയിൽ നിന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീശ് ശശിയുടെ നേതൃത്വത്തിൽ ഡിഎൻഎ പരിശോധനഫലത്തിന്റെ റിപ്പോർട്ട് ഏറ്റുവാങ്ങിയത്. തുടർന്ന് കിരണിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയ പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞ വിവരം അറിയിച്ചു.
ഇക്കഴിഞ്ഞ ഒമ്പതിന് ആഴിമലയിൽ നിന്ന് കാണാതായതോടെ കടലിൽ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഈ മാസം 23ന് മൃതദേഹം കുളച്ചൽ ഇരമ്മിയൻ തുറ കടപ്പുറത്തടിഞ്ഞത്. കിരണിന്റെ പിതാവ് അന്ന് തന്നെ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം ജീർണാവസ്ഥയിൽ ആയിരുന്നതിനാലാണ് ഡിഎൻഎ ടെ സ്റ്റ് നടത്താൻ പൊ ലീസ് തീരുമാനിച്ചത്. ഇന്നലെ റിപ്പോർട്ട് ലഭിച്ചതോടെ ഇന്ന് രാവിലെ കുളച്ചൽ നിദ്രവിളയിലെ പൊലീസ് സ്‌റ്റേഷനിൽ ബന്ധുക്കളെ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാഗർകോവിലിലെ ആശാരിപളളം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഏറ്റുവാങ്ങുന്ന മൃതദേഹം വൈകിട്ടോടെ തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
സമൂഹ മാധ്യമത്തിലൂടെ പരിചപ്പെട്ട ആഴിമല സ്വദേശിയായ യുവതിയെ കാണാൻ സുഹൃത്തായ അനന്തുവിനും ബന്ധുവായ മെൽവിനുമൊപ്പം എത്തിയപ്പാേഴാണ് കിരണിനെ കാണാതായത്. യുവതിയുടെ വീടിന് മുമ്പിലെത്തിയ ഇവരെ യുവതിയുടെ സഹോദരൻ ഹരിയും ജേഷ്ടത്തിയുടെ ഭർത്താവ് രാജേഷും സുഹൃത്തായ അരുണും ചേർന്ന് മർദ്ദിച്ചിരുന്നു. തുടർന്ന് രാജേഷിന്റെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നതിനിടെ ആഴിമല ഭാഗത്ത് വെച്ച് കിരൺ ഇറങ്ങിയോടുകയും പിന്നീട് കാണാതാവുകയുമായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കിരണുൾപ്പെട്ട യുവാക്കളെ മനപൂർവം ദേഹോപദ്രവം ചെയ്തതിനും തട്ടിക്കൊണ്ടുപോയതിനും യുവതിയുടെ സഹോദരനും ബന്ധുവും സുഹൃത്തുമുൾപ്പെട്ട മൂന്നുപേരെ പ്രതികളാക്കി വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളായ രാജേഷ് ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കാേടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒന്നാം പ്രതിയായ രാജേഷ് കീഴടങ്ങിയതെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 

Exit mobile version