ഒഡിഷയിലെ ഭവാനിപട്ന ടൗണില്‍ 11ാം ക്ലാസ്സുകാരിയെ ഹോസ്റ്റല്‍ ബാത്തറൂംമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലഹണ്ടി ജില്ലയിലെ ബിരികോട്ട് ഗ്രാമത്തിലുള്ള തൊഫാലി നായിക് ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്ന തൊഫാലി മാ മണികേശ്വരി സര്‍വകലാശാലയിലെ ഇന്ദ്രാവതി ഗേള്‍സ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
തൊഫാലിയുടെ സഹപാഠികള്‍ രാവിലെ ബാത്തറൂം അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കാണുകയും അകത്ത് നിന്ന് ആരും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തൊഫാലിയെ ബാത്ത്റൂമിലെ ഷവര്‍ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഫൊറന്‍സിക് സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.