Site iconSite icon Janayugom Online

ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു;അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ

ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി ആർ അനിൽ അടക്കം ആയിരങ്ങൾ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്റ്. ജോൺസ് പള്ളിയിൽ സംസ്‌ക്കരിക്കും.

ഫെബ്രുവരി 10 നാണ് ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോര്‍ദാനിൽനിന്നു ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിയുന്നത്. തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേൽ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണു തോമസും ബന്ധു എഡിസണും ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി 10ന് കാരക് മേഖലയില്‍വച്ച് 4 പേരെ ജോര്‍ദാന്‍ സേന തടഞ്ഞുവെന്നും വെടിവച്ചുവെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്നു കിട്ടിയ വിവരം. 

Exit mobile version