Site iconSite icon Janayugom Online

ബസ് വൈകിയെത്തി, ഫ്ലൈറ്റ് നഷ്‌ടപ്പെട്ടു; യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ വിധി

ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. നെന്മണിക്കര പാഴായി കരുവാൻ വീട്ടിൽ ജഗദീശ് കെ കെ ഫയൽ ചെയ്ത ഹർജിയിലാണ് കെഎസ്ആർടിസിയുടെ തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയും തിരുവനന്തപുരത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്. ജഗദീശ് തൃശൂരിൽനിന്നു് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുവാനാണ് കെഎസ്ആർടിസിയുടെ ടിക്കറ്റെടുത്തത്.

രാത്രി 8.30ന് പുറപ്പെടുന്ന ബസ് രാവിലെ 5.40നാണ് ബാംഗ്ളൂരിൽ എത്തേണ്ടിയിരുന്നത്. എന്നാൽ വാഹനം ബാംഗ്ലൂരിൽ എത്തിയത് രാവിലെ 10.30 ഓടെയായിരുന്നു. ഹർജിക്കാരന് 11.25 ന് ബാംഗ്ലൂരിൽ നിന്ന് ന്യൂഡെൽഹിയിലേക്കും തുടർന്ന് ശ്രീനഗറിലേക്കും ഫ്ലൈറ്റിൽ പോകേണ്ടതുണ്ടായിരുന്നു. ബസ് വൈകിയെത്തിയ സാഹചര്യത്തിൽ യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് വേറെ ഫ്ലൈറ്റ് ടിക്കറ്റെടുത്താണ് യാത്ര ചെയ്തത്. തുടര്‍ന്നാണ് ജഗദീശ് ഹര്‍ജി നല്‍കിയത്. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 2500 രൂപയും നൽകുവാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.

Eng­lish Sum­ma­ry: The bus is late, the flight is missed; Judg­ment to com­pen­sate the passenger

You may also like video

Exit mobile version