‘ജനങ്ങളെ വിശപ്പുമൂലം മരിക്കാന്‍ വിടാതെ ഭക്ഷണം നല്കലാണ് ഒരു ക്ഷേമ രാഷ്ട്രത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം’ എന്ന പരമോന്നത കോടതിയുടെ പരാമര്‍ശം മോഡി ഭരണകൂടത്തിന് എതിരായ കുറ്റാരോപണമാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ സംഭരണികള്‍ നിറഞ്ഞു കവിയുമ്പോഴും ഗണ്യമായ ഒരു വിഭാഗം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന, വിശപ്പിനെതിരെ കേന്ദ്ര ഭരണകൂടം അവലംബിക്കുന്ന, കുറ്റകരമായ അലംഭാവത്തോടുള്ള രൂക്ഷ പ്രതികരണമായിരുന്നു അത്. വിശപ്പിനെ നേരിടാന്‍ സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രതികരണം ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സത്യവാങ്മൂലം കോടതിയെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. സത്യവാങ്മൂലം ബന്ധപ്പെട്ട ഗവണ്‍മെന്റ് സെക്രട്ടറിക്കു പകരം കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ – പൊതുഭരണ ഉപഭോക്തൃകാര്യ അണ്ടര്‍ സെക്രട്ടറിയാണ് സമര്‍പ്പിച്ചത്. അത് കോടതിയോടും പട്ടിണിക്കാരായ പൗരജനങ്ങളോടുമുള്ള തികഞ്ഞ അവഗണനയും അനാദരവുമാണ് അടയാളപ്പെടുത്തുന്നത്. അതിനെതിരെ കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്കിയ കോടതി മൂന്നാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുകൂട്ടി സമൂഹ അടുക്കള പദ്ധതിക്ക് രൂപം നല്കാന്‍ നിര്‍ദ്ദേശം നല്കി. ലോക വിശപ്പുസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101-ാമതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിനെതിരെ നിഷേധപ്രസ്താവനയുമായി രംഗത്തുവന്ന ഭരണകൂടത്തിന് പരമോന്നത കോടതിക്കു മുമ്പില്‍ വസ്തുതകള്‍ മറച്ചുവയ്ക്കാനോ നിഷേധിക്കാനോ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക അടുക്കളകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച വസ്തുതകള്‍ക്കു പുറമെ യാതൊന്നും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താന്‍ മോഡി ഭരണകൂടം മിനക്കെട്ടില്ല. അത് അതിന്റെ ജനവിരുദ്ധതയുടെ സാക്ഷ്യപത്രമാണ്.
ഇതുകൂടി വായിക്കാം; ഭക്ഷണം മനുഷ്യാവകാശങ്ങളുടെ ഭാഗമായി കാണണം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടലും തൊഴില്‍രാഹിത്യവും മൂലം പട്ടിണിമരണം ജനങ്ങളെ തുറിച്ചുനോക്കുമ്പോള്‍ ജനങ്ങള്‍ക്ക് മതിയായ ഭക്ഷ്യധാന്യവും നേരിട്ടുള്ള സാമ്പത്തിക സഹായവും നല്കണമെന്ന് നാനാകോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെയും കോടതി ഇടപെടലുകളെയും തുടര്‍ന്ന് നാമമാത്രമായ നടപടികള്‍ മാത്രം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ അവയ്ക്കുപോലും നവംബര്‍ മാസത്തോടെ അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യത്തെ ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍ നേരിടുന്ന വിശപ്പ് കോവിഡിന്റെ പ്രത്യാഘാതം മാത്രമല്ലെന്ന് വസ്തുതകള്‍ സ്ഥാപിക്കുന്നു. കോവിഡിന് മുമ്പുതന്നെ സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടിരുന്നു. ഗ്രാമീണ മേഖലകളിലെ പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരമായി യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പോലും മതിയായ വിഹിതം അനുവദിക്കാതെയും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വേതനം നിഷേധിച്ചും പട്ടിണിമരണത്തിലേക്ക് തള്ളിവിടുന്ന നയമാണ് ബിജെപി ഭരണം അവലംബിച്ചു പോരുന്നത്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കോവിഡ്കാല പലായനത്തോടും മരണങ്ങളോടും ദുരിതങ്ങളോടും മോഡിഭരണകൂടം പുലര്‍ത്തിയ കുറ്റകരമായ നിസംഗതയും നമുക്ക് മുന്നിലുണ്ട്. രാജ്യത്തെ ദരിദ്ര ജനകോടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിൻ നല്കുന്നതുപോലും ലാഭകരമായ സംരംഭമാക്കി മാറ്റാന്‍ നടത്തിയ ശ്രമം തടയാന്‍ സുപ്രീം കോടതി ഇടപെടല്‍ വേണ്ടിവന്നു. അത്തരമൊരു ജനവിരുദ്ധ ഫാസിസ്റ്റ് ഭരണകൂടം വിശപ്പിനെതിരെ സാമൂഹിക അടുക്കളപോലെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും യുഎസും യൂറോപ്പുമടക്കമുള്ള ലോകരാഷ്ട്രങ്ങളിലും നിലവിലുള്ള സംവിധാനം രാജ്യത്താകെ നടപ്പാക്കണമെന്ന ആവശ്യം സ്വമേധയാ അംഗീകരിക്കും എന്നു കരുതുക മൗഢ്യമാണ്. അവിടെയാണ് സുപ്രീം കോടതി ഇടപെടലിന്റെ പ്രസക്തി.സമൂഹ അടുക്കള എന്നത് ഇന്ത്യയില്‍ ഒരു പുതിയ സങ്കല്പം അല്ല. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഝാര്‍ഖണ്ഡ്, ഡല്‍ഹി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍തന്നെ സൗജന്യ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്കാനുള്ള പദ്ധതികള്‍ നിലവിലുണ്ട്. ഏറെ പ്രചാരവും ജനസമ്മതിയും ആര്‍ജിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പിന്തുണയോടെ തുടര്‍ന്നുവരുന്ന പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത് വിശപ്പിനെ നേരിടാനുള്ള അനിവാര്യ നടപടിയാണ്. അതിന് വിസമ്മതിക്കുകയും അതിനോട് പുറംതിരിഞ്ഞു നില്ക്കുകയും ചെയ്യുന്ന മോഡി ഭരണകൂട നടപടി ക്രൂരവും മനുഷ്യത്വഹീനവുമാണ്.
YOU MAY ALSO LIKE THIS VIDEO;