26 April 2024, Friday

Related news

March 20, 2024
February 18, 2024
February 13, 2024
January 21, 2024
January 14, 2024
January 10, 2024
December 17, 2023
December 13, 2023
December 7, 2023
October 28, 2023

ഭക്ഷണം മനുഷ്യാവകാശങ്ങളുടെ ഭാഗമായി കാണണം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2021 9:33 pm

ഭക്ഷണത്തിനുള്ള അവകാശത്തെ ഭരണഘടനാപരമായ അവകാശമെന്നതിലുപരി മനുഷ്യാവകാശങ്ങളുടെ ഭാഗമായാണ് കാണേണ്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. രാജ്യത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണപദ്ധതി പന്ത്രണ്ടാം ക്ലാസ് വരെ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.

നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണമെന്നും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള പൊതുവിതരണ സംവിധാനം ഉണ്ടാകണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്രത്തിന് നല്‍കും. മനുഷ്യാവകാശ കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഭക്ഷണത്തിനും പോഷകാഹാരത്തിനുമുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.

കമ്മിഷന്‍ അംഗം രാജീവ് ജെയ്ന്‍ യോഗത്തില്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

2016–18ലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ പോഷകാഹാര സര്‍വേയുടെ അടിസ്ഥാനത്തില്‍, രാജ്യത്ത് അഞ്ച് വയസില്‍ താഴെയുള്ള 34.7 ശതമാനം കുട്ടികളും വളര്‍ച്ചാക്കുറവ് നേരിടുന്നുവെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് വയസില്‍ താഴെയുള്ളവരില്‍ 33.4 ശതമാനം വേണ്ടത്ര തൂക്കമില്ലാത്തവരും പത്ത് മുതല്‍ 19 വയസുവരെയുള്ള കുട്ടികളില്‍ 28.4 ശതമാനം പേരും വിളര്‍ച്ചയുള്ളവരുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരലഭ്യതയും കോവിഡ് പശ്ചാത്തലത്തില്‍ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയുടെ സ്ഥിതിയും ചര്‍ച്ചയായി.

വിശപ്പ് രഹിതമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയും സുസ്ഥിരതയും വിതരണവും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് പോരായ്മകള്‍ കണ്ടെത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനായി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിന്റെ കണക്കുകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും യോഗം വ്യക്തമാക്കി.

ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ്(ഐസിഡിഎസ്) ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിനായി തുക അനുവദിക്കണം, ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം, നിലവില്‍ എട്ടാംതരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന ഉച്ചഭക്ഷണപദ്ധതി 12-ാം ക്ലാസ് വരെ നടപ്പിലാക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.

അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തി റദ്ദാക്കണമെന്നും പാവപ്പെട്ട ഒരാള്‍പോലും അര്‍ഹമായ ഭക്ഷ്യധാന്യം ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

Eng­lish Sum­ma­ry: Food should be seen as part of human rights

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.