Site iconSite icon Janayugom Online

വിമാനം റദ്ദാക്കിയത് അറിയിച്ചില്ല; വിമാന കമ്പനിയും ഏജൻസിയും നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

യാത്രയ്ക്ക് ഒരു മാസം മുമ്പേ വിമാനം റദ്ദാക്കിയിട്ടും ആ വിവരം യാത്രക്കാരെ അറിയിക്കാത്ത വിമാന കമ്പനി പിഴയൊടുക്കണമെന്ന് എറണാകുളം ജില്ല ഉപഭോക്ത തർക്ക പരിഹാര കോടതി. യാത്ര വഴിമുട്ടിയ യാത്രക്കാർ പകരം ടിക്കറ്റിനായി ചിലവിട്ട തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാനാണ് സ്പൈസ് ജെറ്റ് കമ്പനിയോടും, മെയ്ക്ക് മൈ ട്രിപ്പ് ബുക്കിങ് ഏജൻസിയോടും നിർദേശിച്ചത്. എറണാകുളം കാരിക്കാമുറി സ്വദേശി അഭയകുമാർ പി കെ, ഭാര്യ സനിത അഭയ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ കർശന ഇടപെടൽ. 2019 ജൂൺ മൂന്നിന് ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് വിമാന യാത്രയ്ക്കായി വളരെ നേരത്തെ തന്നെ ടിക്കറ്റെടുത്തു. മെയ്ക്ക് മൈ ട്രിപ്പ് വഴി 3199 രൂപയ്ക്കാണ് സ്പൈസ് ജെറ്റ് എയർലൈനിൽ സീറ്റ് ബുക്ക് ചെയ്തത്. യാത്രക്കായി ബാംഗ്ലൂർ എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം ഒരു മാസം മുമ്പേ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. ഇക്കാര്യം എതിർകക്ഷികളിൽ ആരും പരാതിക്കാരെ അറിയിച്ചതുമില്ല. യാത്രയെ സംബന്ധിച്ച് നിരവധി ഇ‑മെയിലുകൾ എതിർകക്ഷികളിൽ നിന്നും ലഭിച്ചുവെങ്കിലും വിമാനം റദ്ദാക്കിയ വിവരം മാത്രം അറിയിച്ചില്ല. 

അതേദിവസം മറ്റൊരു വിമാനം കൊച്ചിയിലേക്ക് ഉണ്ടായിരുന്നില്ല. രാത്രി ബാംഗ്ലൂരിൽ തന്നെ താമസിക്കേണ്ടിവന്നു. അടുത്ത ദിവസം അതിരാവിലെ 9,086 രൂപ ചെലവഴിച്ച് മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവന്നു. ഇങ്ങനെ ആകെ 16,126 രൂപ പരാതികാർക്ക് ചെലവായി. എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും കണക്കിലെടുത്ത് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വിമാനം റദ്ദാക്കൽ ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിച്ചതിനു ശേഷമാണ് പരാതിക്കാർ ടിക്കറ്റ് എടുത്തതെന്നും അതിനാൽ നഷ്ടപരിഹാരത്തിന് അവകാശം ഇല്ലെന്നും എതിർകക്ഷികൾ ബോധിപ്പിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായാണ് വിമാനം റദ്ദാക്കിയതെന്നും അത് വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും അവർ അറിയിച്ചു. ഓൺലൈൻ ഏജൻസി വഴി ടിക്കറ്റെടുത്ത സ്ഥിതിക്ക് അവരോടാണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് എന്നും വിമാന കമ്പനി കോടതിയിൽ ബോധിപ്പിച്ചു. 

എന്നാൽ ചട്ടപ്രകാരം രണ്ട് ആഴ്ചകൾക്ക് മുമ്പെങ്കിലും വിമാനം റദ്ദാക്കൽ വിവരം യാത്രക്കാരെ അറിയിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ എതിർകക്ഷികൾ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അതുമൂലം പരാതിക്കാർക്ക് വലിയ മന: ക്ലേശവും ധനനഷ്ടവും ഉണ്ടായെന്നും ഡി. ബി. ബിനു പ്രസിഡണ്ടും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ടിക്കറ്റിനായി നൽകിയ 3,199/- രൂപ ഒന്നാം എതിർകക്ഷിയായ മെയ്ക്ക് മൈ ട്രിപ്പ് പരാതിക്കാർക്ക് നൽകണം. രണ്ടാമത് ടിക്കറ്റ് എടുത്തു മൂലം ഉണ്ടായ അധിക ചെലവും ബെംഗ്ലൂരുവിലെ താമസത്തിനുള്ള ചെലവും നഷ്ടപരിഹാരവും കോടതി ചെലവും രണ്ട് എതിർകക്ഷികളും ചേർന്ന് ഒരുമാസത്തിനകം പരാതിക്കാർക്ക് നൽകണം. യഥാക്രമം 16,126 രൂപയും 40, 000 രൂപയും 25,000 രൂപയുമാണ് ഈയിനങ്ങളിലായി നൽകേണ്ടത്. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഫിലിപ്പ് ടി വർഗീസ് ഹാജരായി. 

Exit mobile version