ആലപ്പുഴ: മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഫോറൻസിക്ക് പരിശോധനയുടെ റിപ്പോർട്ട് വന്നു. കാറിനുള്ളിൽ സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തി. സ്പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററിൽ നിന്ന് തീ പടർന്നതാണോ അപകട കാരണമെന്നാണ് നിഗമനം. ഇത് സംബന്ധിച്ചുള്ള ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ക്യാബിനിൽ നിന്ന് തന്നെയാണ് തീയുണ്ടായത് എന്നാണ് നിഗമനം. എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തീ പടർന്നിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കാർ പരിശോധിച്ച ഫോറൻസിക് സംഘം വൈകാതെ അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറും. കഴിഞ്ഞദിവസമാണ് കാറിന് തീ പിടിച്ച് 35കാരൻ മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ കൃഷ്ണ പ്രകാശ് എന്ന കണ്ണനാണ് മരിച്ചത്. രാത്രി 12 മണിയോടെ കാർ വീട്ടിലേക്ക് കയറ്റവെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്സ് വന്ന് തീയണച്ചെങ്കിലും കൃഷ്ണപ്രകാശിനെ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു. സീറ്റ് ബെൽറ്റും ഹാൻഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെർമിനലിലോ തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.
English Summary:The car explosion incident; A forensic examination revealed the presence of the spray
You may also like this video