Site iconSite icon Janayugom Online

ഗൂഗിൾ മാപ്പ് നോക്കി യാത്രയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞു

carcar

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാർ പുഴയിലേക്ക് മറിഞ്ഞു. മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ കാറില്‍ നിന്ന് രണ്ടുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ പാണ്ടി എടപ്പറമ്പകോളിച്ചൽ റൂട്ടിലെ പള്ളഞ്ചിപ്പുഴയിൽ വെള്ളരിക്കയത്താണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് വീട്ടിൽ എ തഷ‌്രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. 

കർണാടക ഉപ്പിനങ്ങാടിയിലെ ബന്ധുവിനെ കാണാൻ പോകുകയായിരുന്നു. റാഷിദാണ് കാർ ഓടിച്ചിരുന്നത്.
പുലർച്ചെ ഇരുട്ട് മാറിത്തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ ഇവിടെ വെള്ളം കുത്തിയൊഴുകുന്നവിവരം ഇവർ അറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാർ ഇറക്കിയപ്പോൾ കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒഴുകിപ്പോവുകയായിരുന്നു. കാർ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം തിട്ടയില്‍ തട്ടിനിന്നതാണ് ഇരുവർക്കും രക്ഷയായത്. ആ സമയത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി രണ്ടുപേരും പുറത്തു കടക്കുകയും വെള്ളപ്പാച്ചിലിന്റെ നടുവിലുള്ള കുറ്റിച്ചെടികളിൽ പിടിച്ചുനിൽക്കുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ലൊക്കേഷൻ അയച്ചുകൊടുക്കുകയും ചെയ്തു. ബന്ധുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയും അവരെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷം ഇരുവരെയും രക്ഷപ്പെടുത്തുകയും ചെയ്തു. അരക്കിലോമീറ്ററോളം അകലെ നിന്നാണ് കാർ കണ്ടെത്തിയത്. 

പള്ളഞ്ചിപ്പുഴയിൽ ഉയരം കുറഞ്ഞ കൈവരികളില്ലാത്ത ഈ പാലത്തില്‍ മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകുന്നത് പതിവാണ്. അരക്കിലോമീറ്റര്‍ മാറി നാലുവർഷം മുമ്പ് ഉയരം കൂടിയ പുതിയ പാലം നിർമ്മിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ബൈക്കും ഈ ഭാഗത്ത് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: The car fell into the riv­er while look­ing at the Google map

You may also like this video

Exit mobile version