Site iconSite icon Janayugom Online

മൈനാഗപള്ളി വാഹനാപകടം: അജ്മല്‍ ഓടിച്ച കാര്‍ സുഹൃത്തിന്റേത്; ഇൻഷുറൻസുമില്ല

ajmalajmal

തിരുവോണ ദിവസം വൈകിട്ട് മൈനാഗപ്പള്ളി ആനൂർക്കാവ് ജങ്ഷനിൽ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ശാസ്താംകോട്ട സിഐ രാജേഷ് പറഞ്ഞു. 

കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), ഇയ്യാളുടെ പെൺസുഹൃത്ത് നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവർ റിമാൻഡിലാണ്. അജ്മൽ പൂജപ്പുര സെൻട്രൽ ജയിലിലും ശ്രീക്കുട്ടി അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. അജ്മൽ ഓടിച്ച കാർ സുഹൃത്തിന്റേതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന് ഇൻഷുറൻസും ഇല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അജ്മലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മനഃപൂർവമുള്ള നരഹത്യ, പ്രേരണാകുറ്റം എന്നിവയാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിളയിൽ വീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാണ് (45) അപകടത്തിൽ കൊല്ലപ്പെട്ടത്. 

സുഹൃത്തിന്റെ വീട്ടിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത ശേഷം അജ്മലും ശ്രീക്കുട്ടിയും കരുനാഗപ്പള്ളിയിലേക്ക് മടങ്ങുമ്പോഴാണ് ആനൂർക്കാവിൽ വീട്ടമ്മമാർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്. ഓടിക്കൂടിയ നാട്ടുകാർ കാര്‍ മുന്നോട്ട് എടുക്കല്ലേയെന്ന് അലറിവിളിച്ച് അറിയിച്ചിട്ടും അത് വകവയ്ക്കാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി മുന്നോട്ട് പാഞ്ഞ് പോകുകയായിരുന്നു. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളച്ചു കയറിയതാണ് കുഞ്ഞുമോളുടെ മരണത്തിനിടയാക്കിയത്. നിർത്താതെ പോയ കാർ പിന്നീട് മതിലിൽ ഇടിക്കുകയും അജ്മൽ രക്ഷപ്പെടുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ നാട്ടുകാർ തടഞ്ഞുവച്ച് ശാസ്താംകോട്ട പൊലീസിൽ കൈമാറി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അജ്മൽ പിടിയിലായത്. 

Exit mobile version