Site iconSite icon Janayugom Online

ഗവേഷണത്തിന്റെ ജാതിവാല്‍

Deepa mohanDeepa mohan

യടുത്ത ദിവസങ്ങളില്‍ എംജി സര്‍വകലാശാലയില്‍ നാനോ സയന്‍സിന് ഗവേഷകയായ ദീപ പി മോഹന്‍ എന്ന വിദ്യാര്‍ത്ഥിനി താന്‍ ഒരു ദളിത് വിഭാഗക്കാരിയായതിനാല്‍ ഡയറക്ടര്‍ ഗവേഷണം പൂര്‍ത്തിയാക്കാനനുവദിക്കുന്നില്ല എന്ന കാരണത്താല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയുണ്ടായി. 2011ല്‍ നാനോ സയന്‍സില്‍ എംഫില്‍ പഠനത്തിനായി എംജി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന ദീപ 2014ലാണ് പിഎച്ച്ഡി ഗവേഷണം തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ദീപ ഗവേഷണത്തോടൊപ്പം നിയമപോരാട്ടത്തിലുമാണ്. ജാതിവിവേചനം കാണിച്ച് ഗവേഷണത്തിന് സൗകര്യം നിഷേധിക്കുന്നു എന്ന പരാതി എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ശരിയെന്ന് കണ്ടെത്തുകയും ചെയ്തു. കോടതിവിധികളും ദീപയ്ക്ക് അനുകൂലമായിരുന്നു. എങ്കിലും അധികൃതര്‍ കോടതിവിധിപോലും നടപ്പിലാക്കാ­ന്‍ തയാറാവാത്ത സാഹചര്യത്തിലാണ് ദീപ പി മോഹനന്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കേണ്ടിവന്നത്.

ജാതി പറഞ്ഞ് അധിക്ഷേപിക്കുക, ലബോറട്ടറി സൗകര്യം നിഷേധിക്കുക, ഫെലോഷിപ്പ് നല്കാതിരിക്കുക തുടങ്ങിയ നടപടികളാണ് ഡയറക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും അതിനാല്‍ നാനോ സയന്‍സ് വകുപ്പിന്റെ ഡയറക്ടറെ മാറ്റി, ഗവേഷണത്തിനുള്ള സൗകര്യം ലഭ്യമാക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആവശ്യം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥിയുടെ നിരാഹാര സമരം ഒടുവില്‍ വിജയം കണ്ടു. ആവശ്യങ്ങള്‍ യൂണിവേഴ്സിറ്റി അംഗീകരിച്ചു. എല്ലാം ശുഭപര്യവസായി ആവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.


ഇതുകൂടി വായിക്കൂ: തത്വമസി; പക്ഷേ അതു നീയല്ല


പക്ഷേ അങ്ങനെ ആണോ? അല്ല എന്നാണ് സമീപകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. “ഞാന്‍ മോഹിച്ചിരുന്നത് ഒരു എഴുത്തുകാരനാവാനാണ്. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര ലേഖകന്‍. അവസാനം ഞാന്‍ എഴുതിയത് ഈ കത്ത് മാത്രം” ഈ ആത്മഹത്യാ കുറിപ്പ് നമ്മുടെ ഹൃദയത്തിലേല്പിച്ച മുറിപ്പാടുകള്‍ മായാറായിട്ടില്ല. കാള്‍ സാഗനെപ്പോലെ ഒരു വലിയ ശാസ്ത്രലേഖകനാകാന്‍ കൊതിച്ച് പ്രത്യാശയോടെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷകനായി എത്തിയ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ അവസാനത്തെ വരികള്‍. വെമുലയെ മരണത്തിലേക്ക് നയിച്ച ജാതിക്കോമരങ്ങള്‍ക്കെതിരെ നാളിതുവരെ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. വെമുലയുടെ ആത്മഹത്യക്ക് മുമ്പും അതിനുശേഷവും ഇന്ത്യയിലെ ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാത്യാധിക്ഷേപവും കടുത്ത വിവേചനവും തുടരുന്നു എന്നത് വസ്തുത മാത്രമാണ്. അത് വര്‍ധിച്ചുവരികയുമാണ്. എത്രയെത്ര ഉദാഹരണങ്ങള്‍. 2018 സെ­പ്റ്റംബറില്‍ ഹോസ്റ്റലിലെ ഗ്ലാസ് പൊട്ടിച്ചു എന്നുപറഞ്ഞ് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതും ഒരു ദളിത് വിദ്യാര്‍ത്ഥിയെ ആയിരുന്നു. സഹ വിദ്യാര്‍ത്ഥികളുടെ ജാതി അധിക്ഷേപം സഹിക്കാനാവാതെ പായല്‍തദ്വി എന്ന ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കേരളത്തിലെ സര്‍വകലാശാലകളും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനത്തിലും ജാത്യാധിക്ഷേപങ്ങളിലും ഒട്ടും പിറകിലല്ല എന്നു തന്നെയാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായിരുന്ന ശോഭിത്‍ പി കെ, പി സിന്ധു, അരുണ്‍ ടി റാം എന്നീ ദളിത് വിദ്യാര്‍ത്ഥികള്‍ 2019ല്‍ സമാന പരാതികളുന്നയിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിലും സമീപകാലത്ത് ഇതേ പരാതി ഉയര്‍ന്നിട്ടുണ്ട്. മികവിന്റെ കേന്ദ്രങ്ങള്‍ എന്ന് അഭിമാനിക്കുന്ന ഐഐടികളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ വലിയ തോതിലുള്ള ജാതി അധിക്ഷേപവും അവഗണനയും നേരിടുന്നു എന്നതിന് അനേകം ഉദാഹരണങ്ങളുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ഐഐടി ഖരക്പുരിലെ അസോസിയേറ്റ് പ്രൊഫസര്‍ സീമസിങ്ങിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍പ്പെട്ടവരായ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വരികയും ശക്തമായ പ്രതിഷേധങ്ങള്‍‍ക്കൊടുവില്‍ അവര്‍ സസ്പെന്റ് ചെയ്യപ്പെടുകയുമുണ്ടായി. ഫാത്തിമ ലത്തീഫ് എന്ന ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും ഇത്തരം വിവേചനത്തിന്റെ ഫലമായിരുന്നു.


ഇതുകൂടി വായിക്കൂ:  ദളിത് രചനകൾ ഒഴിവാക്കി ഡൽഹി സർവകലാശാല സിലബസ്


ഇന്ത്യയിദളിത്ലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്നു എന്നത് ഒരു സത്യം മാത്രമാണ്. 2020 ല്‍ ഐഐടി ഡല്‍ഹിയിലെ 31 ഡിപ്പാര്‍ട്ട്മെന്റുകളില്‍ 15ലും ബോംബെ ഐഐടിയിലെ 26 ഡിപ്പാര്‍ട്ട്മെന്റുകളില്‍ 16ലും പിഎച്ച്ഡിക്കായി ഒരു ദളിത് വിദ്യാര്‍ത്ഥിയെപ്പോലും ചേര്‍ത്തിട്ടില്ല. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തുകൊണ്ടാണ് ജാതീയത തഴച്ചുവളരുന്നത്? ഒന്നാമതായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാനമായും ശാസ്ത്രസ്ഥാപനങ്ങളില്‍ ഇന്ന് തികച്ചും അരാഷ്ട്രീയമായ അന്തരീക്ഷമാണ് നിലനില്ക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ വൈസ് ചാന്‍സലര്‍മാരായും മറ്റും നിയമിക്കപ്പെടുന്നവരില്‍ പലരും അവരുടെ അക്കാദമിക് ഭരണ മികവുകള്‍ക്കുപരി ഭരണകൂടങ്ങളുടെ വിശ്വസ്ത ദാസന്മാര്‍ എന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്. ജെഎന്‍യു മുതല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വരെയുള്ള സ്ഥാപനങ്ങളില്‍ തലവന്‍മാരായി സ്വന്തം ഏറാന്‍മൂളികളെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ എത്രമാത്രം അധ്വാനിച്ചാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് ഒരു മാത്രപോലും ചിന്തിക്കാന്‍ കെല്പില്ലാത്ത ജാതി വെറിപൂണ്ട ഈ അധ്യാപക വേഷധാരികളില്‍ മിക്കവാറും പേര്‍ അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരല്ല എന്ന് മാത്രമല്ല സ്വന്തം ജാതിവാല്‍ ഉപയോഗിച്ച് അക്കാദമിക് ബ്രാഹ്മണ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ കൂടിയാണ്. അക്കാദമിക് സ്ഥാപനങ്ങള്‍ തീര്‍ച്ചയായും വിമര്‍ശനാത്മക ചിന്തകളുടെയും ക്രിയാത്മക ഗവേഷണത്തിന്റെയും സ്വതന്ത്ര ചിന്തയുടെയുമൊക്കെ ഇടങ്ങളാവേണ്ടതാണ്. എന്നാ­ല്‍ ഇന്ന് വരേണ്യവര്‍ഗത്തിന്റെ സാമ്പത്തിക, സാമൂഹ്യ രാഷ്ട്രീയ താല്പര്യങ്ങള്‍ ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കപ്പെടുന്ന ഇടങ്ങളായി നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയിരിക്കുന്നു. അതിനാല്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടണമെന്നത് ഒരു രാഷ്ട്രീയ അജണ്ട തന്നെയാണ്. ആ ദൗത്യം നിര്‍വഹിക്കുകയാണ് ഈ അധ്യാപക വേഷധാരികള്‍.


ഇതുകൂടി വായിക്കൂ: ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്


ഗവേഷണരംഗത്ത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. ഒരു റിസര്‍ച്ച് ഗൈഡിന്റെ കീഴിലാണ് ഗവേഷണം. ശാസ്ത്രവിഷയങ്ങളില്‍ പ്രത്യേകിച്ച് ബിരുദാനന്തര ബിരുദം കഴി‍ഞ്ഞ ഒരു വിദ്യാര്‍ത്ഥിയുടെ മുന്നോട്ടുള്ള പഠനവും ഭാവി തൊഴില്‍ സാധ്യതകളും ഗവേഷണ ബിരുദത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ റിസര്‍ച്ച് ഗൈഡിന്റെ അംഗീകാരം എന്നത് അയാളുടെ ഭാവിജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. അക്കാദമിക് വിഷയങ്ങളില്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ നയിക്കുന്ന ഹെഡിന് അക്കാദമിക് വിഷയത്തിലുള്ള പ്രാഗത്ഭ്യത്തോടൊപ്പം തന്നെ ഒരു വ്യക്തിയെന്ന നിലയിലുള്ള ഹൃദയവിശാലത കൂടി അത്യന്താപേക്ഷിതമാണ്. നിര്‍ഭാഗ്യവശാല്‍ ഇതു രണ്ടുമല്ലാതെ ഭരണവര്‍ഗത്തോടുള്ള നിര്‍ലജ്ജലമായ വിധേയത്വം മാത്രം അധ്യാപകവൃത്തിക്ക് മാനദണ്ഡമാവുമ്പോഴാണ് രോഹിത് വെമുലമാരും ദീപമോഹനന്‍മാരും ബലിയാടുകളാവുന്നത്.

സര്‍വകലാശാലകളുടെ അക്കാദമിക് കവചത്തിനുള്ളില്‍ സുരക്ഷിതരായിരുന്നുകൊണ്ടാണ് ഈ അധഃപ്പതിച്ച മനുഷ്യര്‍ അവരുടെ സാമൂഹ്യവിരുദ്ധത പുറത്തെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗം ജനാധിപത്യവല്ക്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. വരേണ്യതയുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കാണിക്കുന്ന വിമുഖത പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ നിന്നുള്ള കഴിവുറ്റ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുക മാത്രമല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് മികവിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കും. കലാലയങ്ങള്‍ ഫാസിസ്റ്റ് രീതികളുടെ പരീക്ഷണശാലകളായി മാറുന്നത് രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തിനുതന്നെ അപകടകരമായി മാറും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് പെണ്‍കുട്ടികള്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെതിരെ അപകടകരമാം വിധം വളര്‍ന്നുവരുന്ന അധിക്ഷേപങ്ങളും വിവേചനങ്ങളും ഗൗരവമായിതന്നെ കാണുകയും അറുതിവരുത്തുകയും ചെയ്യേണ്ടതുണ്ട്.

Exit mobile version