Site iconSite icon Janayugom Online

ഇപ്പോഴും അടച്ച കൂട്ടില്‍തന്നെ തുടരുന്ന സിബിഐ

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സിബിഐ) കൂട്ടിലടച്ച തത്തയാണെന്ന വിഖ്യാതമായ പരാമര്‍ശം നടത്തിയത്. 2013 മെയ് മാസത്തില്‍ യുപിഎ ഭരണകാലത്തായിരുന്നു ഈ പരാമര്‍ശമുണ്ടായത്. സിബിഐ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിന് വഴങ്ങുന്നുവെന്ന ആരോപണം ശക്തമായി നില്ക്കേ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിന്റെ പരിഗണനാവേളയിലായിരുന്നു അത്. അക്കാലത്ത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഇംഗിതത്തെക്കുറിച്ചാണ് ആരോപണമുയര്‍ന്നിരുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും യുപി മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിനെതിരായ വേട്ടയ്ക്ക് ഇതേ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച ചരിത്രവും അതേകാലയളവിലുണ്ട്. സര്‍ക്കാരിനെതിരെ നിലപാടെടുക്കുകയെന്നത് എളുപ്പമല്ല, കാരണം അവയ്ക്ക് ആയിരക്കണക്കിന് കൈകളുണ്ട്, സിബിഐയുണ്ട്, ആരെയും ജയിലില്‍ അടയ്ക്കുവാന്‍ സാധിക്കുമെന്ന് മുലായം സിങ്ങിന് പറയേണ്ടിവന്നത് ആ പശ്ചാത്തലത്തിലായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി ഉള്‍പ്പെടെ പ്രമുഖ പാര്‍ട്ടികളെല്ലാം സിബിഐയെ ദുരുപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയവരാണ്. ബിജെപി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകള്‍ ദേശീയ മാധ്യമങ്ങളുടെ പഴയ താളുകളില്‍ ഇപ്പോഴും ലഭ്യമാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ വന്‍തോതിലുള്ള ദുരുപയോഗം പരിഗണിക്കുമ്പോള്‍ സിബിഐക്ക് അതിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടമായിരിക്കുന്നു എന്നായിരുന്നു ജെയ്റ്റ്ലിയുടെ അന്നത്തെ പ്രസ്താവന. കോണ്‍ഗ്രസ് സിബിഐയെ ദുരുപയോഗം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതിനെതിരെ പ്രതികരിച്ചിരുന്ന ബിജെപിയാണ് എട്ടു വര്‍ഷത്തോളമായി ഇപ്പോഴും രാജ്യം ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി സിബിഐയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുകയും കൂട്ടിലടയ്ക്കപ്പെട്ട ത­ത്തയെ വിട്ടയക്കണമെന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും സിബിഐക്ക് വിശ്വാസ്യത വീണ്ടെടുക്കാനായില്ലെന്ന വസ്തുത കഴിഞ്ഞ ദിവസം വിളിച്ചുപറഞ്ഞിരിക്കുന്നത് സു­പ്രീം കോടതിയുടെ ഇ­പ്പോഴത്തെ ചീഫ് ജ­സ്റ്റിസാണ്. സിബിഐയുടെ തന്നെ ഒരു ചടങ്ങില്‍ പങ്കെടുത്താണ് അദ്ദേഹം അത് തുറന്നുപറഞ്ഞതെന്ന പ്രത്യേകതയുമുണ്ട്.


ഇതുകൂടി വായിക്കാം; വന്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയം


2013ല്‍ പരമോന്നത കോടതി പറഞ്ഞിടത്തുനിന്ന് ഒരിഞ്ചുപോലും സിബിഐയോ മറ്റ് കേന്ദ്ര ഏജന്‍സികളോ മുന്നോട്ടല്ല പോയതെന്നും പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നും ഓരോ ദിവസവും ഉദാഹരണങ്ങള്‍ കേട്ടുകൊണ്ടിരിക്കെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തെക്കുറിച്ചാണ് 2013ല്‍ പറഞ്ഞതെങ്കില്‍ ഇന്ന്, സിബിഐയുടെ വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥ — രാഷ്ട്രീയ സംവിധാനവുമായുള്ള അവിശുദ്ധ ബന്ധം തകർക്കണമെന്നാണ് രമണ പറഞ്ഞുവയ്ക്കുന്നത്. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സ്വയംഭരണ അവകാശമുള്ള സംവിധാനം ഉണ്ടാകണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. സിബിഐയെക്കുറിച്ചുള്ള ആക്ഷേപം ശരിവയ്ക്കുന്ന രണ്ടു വാര്‍ത്തകള്‍ ഇതിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. അതിലൊന്ന് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെക്കുറിച്ചാണ്. മറ്റൊന്ന് 22 വര്‍ഷങ്ങള്‍ക്കുമുമ്പ് അന്വേഷണം ഏറ്റെടുത്ത യൂറിയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട അവസാനിപ്പിക്കല്‍ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളിയെന്നതും. മൂന്നുവര്‍ഷം മുമ്പാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മ നീക്കം ചെയ്യപ്പെട്ടത്. 2017ല്‍ രണ്ടു വര്‍ഷത്തേക്ക് നിയമിക്കപ്പെട്ട വര്‍മ്മയെ 2018 ഒക്ടോബറില്‍ ദുരൂഹമായാണ് സ്ഥാനത്തു നിന്ന് നീക്കുന്നത്. വിവാദമായ റഫാല്‍ ആയുധ ഇടപാട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ ഷൂറി ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്കുാനെത്തിയതിനു ശേഷമാണ് ഒക്ടോബര്‍ 23ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റുന്നത്. അതിനിടെ അഴിമതി ആരോപണത്തിന്റെ പേരില്‍ തന്റെ ഡപ്യൂട്ടി ഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരെ വര്‍മ്മ അന്വേഷണവും പ്രഖ്യാപിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അടുപ്പക്കാരുടെ പട്ടികയിലുള്ള രാകേഷ് അസ്താന ഇപ്പോള്‍ ഡല്‍ഹി പൊലീസ് മേധാവിയാണെന്നത് ഇതിനോട് കൂട്ടിവായിക്കണം. അലോക് വര്‍മ്മയാകട്ടെ വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളോ പെന്‍ഷന്‍ പോലുമോ കിട്ടാത്ത സ്ഥിതിയിലും. സിബിഐയുടെ നിഷ്പക്ഷത സംശയിക്കുന്നതിനുള്ള സമീപകാലത്തെ ഏറ്റവും വിലപിടിച്ച ഉദാഹരണമാണിത്. യൂറിയ കുംഭകോണവുമായി ബന്ധപ്പെട്ട പ്രധാനകേസില്‍ പ്രമുഖരായ പലരും ശിക്ഷിക്കപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് യൂറിയ കൈമാറിയതിന് നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡി (എന്‍എഫ്എല്‍)ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിലാണ് അവസാനിപ്പിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെന്നാണ് കേസ് അവസാനിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. ഉദ്യോഗസ്ഥ സംവിധാനവുമായുള്ള അവിശുദ്ധ ബന്ധത്തിന് ഉദാഹരണമായി ഇതിനെ കാണാവുന്നതാണ്. ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനവും അലോക് വര്‍മ്മയ്ക്കെതിരായ വേട്ടയാടലും സിബിഐ ഇപ്പോഴും കൂട്ടിനകത്തുതന്നെ കഴിയുന്നുവെന്നതിന്റെ വെളിപ്പെടുത്തലുകളാണ്.

You may also like this video;

Exit mobile version