3 May 2024, Friday

വന്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയം

Janayugom Webdesk
February 22, 2022 4:56 am

രാജ്യത്തെ വൻകിട കോര്‍പറേറ്റുകൾ നടത്തുന്ന വൻ ബാങ്ക് തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുംബൈ ആസ്ഥാനമായി ഗുജറാത്തിലെ സൂറത്തിലും ദഹേജിലുമായി പ്രവർത്തിക്കുന്ന കപ്പൽ നിർമ്മാണ കമ്പനിയായ എബിജി ഷിപ്‌യാർഡ് ലിമിറ്റഡ് 28 ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് ആദ്യം പുറത്തുവന്ന വാർത്ത. തൊട്ടുപിന്നാലെ മറ്റു രണ്ട് കപ്പൽ നിർമ്മാണ കമ്പനികളും സമാനരീതിയിൽ തട്ടിപ്പുനടത്തിയ വാർത്തയും പുറത്തുവന്നിരിക്കുന്നു. 1985 ൽ പ്രവർത്തനം ആരംഭിച്ച എബിജി ഷിപ്‌യാർഡ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2001 മുതൽ ബാങ്കിങ് ക്രമീകരണങ്ങൾക്ക് വിധേയമായിരുന്നു. ഐസിഐസി ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടുന്നു. ബാങ്കിങ് ക്രമീകരണങ്ങൾ തുടരുമ്പോഴും തട്ടിപ്പ് നിർബാധം തുടര്‍ന്നു. 2013 അവസാനത്തോടെ വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് എട്ടുവർഷങ്ങൾ വേണ്ടിവന്നു വായ്പയുടെ പേരിൽ നടന്നത് വൻ തട്ടിപ്പാണെന്നു തിരിച്ചറിയാൻ. രാജ്യത്തെ നടുക്കിയ വിജയ് മല്യ, നീരവ് മോഡി, മെഹുൽ ചോക്സി തുടങ്ങിയവരുടെ ബാങ്ക് തട്ടിപ്പുകളും രാജ്യത്തുനിന്ന് അവരുടെ പലായനവും മോഡി സർക്കാരിനോ ബാങ്കിങ് മേഖലയുടെ മേൽനോട്ടം വഹിക്കുന്ന റിസർവ് ബാങ്കിനോ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിനു അഹോരാത്രം പണിയെടുക്കുന്ന അന്വേഷണ ഏജൻസികൾക്കോ ഒരു പാഠവും നൽകിയിട്ടില്ല എന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാവും. രാജ്യത്തെ ബാങ്കിങ് നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് മോഡി സർക്കാർ 2017 ൽ കൊണ്ടുവന്ന ഓർഡിനൻസും തുടർന്ന് പാസാക്കിയ നിയമവും വൻ വായ്പാത്തട്ടിപ്പുകളുടെ ഗൗരവം സർക്കാരിന് ബോധ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്നു. എന്നിട്ടും വമ്പന്മാർ ഉൾപ്പെട്ട തട്ടിപ്പുപരമ്പരകൾ തുടരുന്നത് ഉന്നതങ്ങളുടെ അറിവോടും ഒത്താശയോടുമാണെന്ന സംശയം ബലപ്പെടുത്തുന്നു. ഉന്നത ബാങ്ക് മേധാവികളും രാഷ്ട്രീയ നേതൃത്വവും സ്വജനപക്ഷപാതവും ഉൾപ്പെടാതെ വൻകിട ബാങ്ക് തട്ടിപ്പുകൾ അസാധ്യമാണ്.


ഇതുകൂടി വായിക്കൂ: മഹാമാരിക്കു മുമ്പിലും മനസിലിരിപ്പ് കോര്‍പ്പറേറ്റ് പ്രീണനം


രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എഐബിഇഎ) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2019 സെപ്റ്റംബർ 30 വരെ 2426 മനഃപൂർവം തിരിച്ചടക്കാത്ത വായ്പകളിലായി ഒന്നരലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് ലഭിക്കേണ്ടത്. എബിജി കപ്പൽ നിര്‍മ്മാണശാലയ്ക്കു പുറമെ വായ്പ തിരിച്ചടക്കാത്ത കപ്പൽ നിർമ്മാണ കമ്പനികളുടെ പട്ടികയിൽ റിലയൻസ് നേവൽ ആന്റ് എൻജിനീയറിങ് കമ്പനി, ഭാരതി ഷിപ്‌യാർഡ് എന്നിവകൂടി ഉൾപ്പെടുന്നു എന്നത് വായ്പാത്തട്ടിപ്പിൽ എത്തരക്കാരാണ് ഉള്ളതെന്നതിന്റെ ചിത്രമാണ് നൽകുന്നത്. കിട്ടാക്കടമായി മാറുന്ന വായ്പകളിൽ സിംഹഭാഗവും വൻ ബിസിനസുകളുടേതാണെന്നത് എല്ലാവരും അറിയുന്ന അരമന രഹസ്യമാണ്. എന്നാൽ അവ സംബന്ധിച്ച വിവരങ്ങൾ ബാങ്കുകളോ റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ പുറത്തുവിടാൻ അവസാന നിമിഷംവരെയും വിസമ്മതിക്കുന്നത് പൊതുജനങ്ങളുടെ നിക്ഷേപം കൊണ്ട് പ്രവർത്തിക്കുന്ന ബാങ്കുകളും അവയെ നിയന്ത്രിക്കുന്നവരും ആർക്കൊപ്പമാണെന്നു വ്യക്തമാക്കുന്നു. വായ്പാ തിരിച്ചടവിൽ യഥാർത്ഥ കാരണങ്ങളാൽ വീഴ്ച വരുത്തുന്നവർക്കു നേരെ ഗുണ്ടാസംഘങ്ങളെപ്പോലും നിയോഗിക്കാൻ മടികാണിക്കാത്തവരാണ് സ്രാവുകളെ രക്ഷപ്പെടാൻ അനുവദിക്കുന്നത്. ഇത്തരത്തിൽ വായ്പാ ത്തട്ടിപ്പിൽ ഏർപ്പെട്ടിട്ടുള്ള വൻതോക്കുകളിൽ മിക്കവരും വിദേശ പാസ്പോർട്ടുകളുള്ള ഇന്ത്യൻ സന്ദർശകർ ആണെന്നത് മല്യയും മോഡിയും ചോക്സിയും തെളിയിക്കുന്നു. എബിജി ഷിപ്‌യാർഡിന്റെ ഉന്നതന്മാർ കമ്പനി വായ്പയെടുത്ത തുകകൾ വിദേശത്ത് ആസ്തികളാക്കി മാറ്റിയതായി ഇതിനകം തെളിഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ എന്തുകൊണ്ട് കര്‍ഷകരെ ഭയപ്പെടുന്നു?


രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2014 മുതൽ 2020 വരെയുള്ള കാലയളവിൽ 365 ശതമാനം വർധിച്ചതായി റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നു. ബാങ്കുകളുടെ കിട്ടാക്കടം 2022 മാർച്ചോടെ 9.8 മുതൽ 11.22 ശതമാനം വരെയായി ഉയർന്നേക്കാമെന്നാണ് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. അത് ലോകത്തെ ഏറ്റവും ഉയർന്ന കിട്ടാക്കട നിരക്കാണ്. യുഎസ് അടക്കം ലോകത്തെ മിക്ക രാജ്യങ്ങളിലും ബാങ്ക് തട്ടിപ്പ് കൊടിയ കുറ്റകൃത്യമാണ്. യുഎസിൽ മുപ്പതു വർഷം വരെ തടവും ഒരു ദശലക്ഷം ഡോളർവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് അത്. എന്നാൽ വൻ തട്ടിപ്പുകാർക്ക് എല്ലാ ഒത്താശയും സംരക്ഷണവും ഒരുക്കി നൽകുകയാണ് നമ്മുടെ രാഷ്ട്രീയ സംവിധാനം. എബിജി വിഷയത്തിൽ നടപടികൾ എടുക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ ന്യായീകരിക്കുന്ന ധനമന്ത്രിയുടെ നിലപാട് വൻകിട ബാങ്ക് തട്ടിപ്പിൽ മോഡി ഭരണകൂടം ആർക്കൊപ്പമാണെന്ന് തുറന്നുകാട്ടുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.