Site iconSite icon Janayugom Online

വൈദ്യുതി നിലയം അഡാനിക്ക് നല്‍കാന്‍ കരാര്‍ മാറ്റിയെഴുതി കേന്ദ്രം

രണ്ട് വന്‍കിട വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കരാര്‍ വ്യവസ്ഥ അഡാനി ഗ്രൂപ്പിനായി പൊളിച്ചടുക്കി മോഡി സര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന വൈദ്യുതി നിലയ നിര്‍മ്മാണ കരാറിലാണ് മാറ്റം വരുത്തിയത്. കരാര്‍ അഡാനി ഗ്രൂപ്പിന് ലഭിക്കാന്‍ പര്യാപ്തമാകുംവിധം കരാറുകാരുടെ എണ്ണം വെട്ടിക്കുറച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ചങ്ങാത്തമുതലാളിയോട് വിധേയത്വം പ്രകടിപ്പിച്ചത്. ആണവ — സോളാര്‍ വൈദ്യുതോല്പാദന രംഗത്ത് കുത്തക സ്ഥാപിച്ച അഡാനി ഗ്രൂപ്പിനായി കരാറില്‍ പങ്കെടുക്കാനുള്ളവരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു. ആണവ വൈദ്യുതി മേഖലയിലും പാരമ്പര്യേതര ഊര്‍ജ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ച കമ്പനികളെ ഒഴിവാക്കി അഡാനിക്ക് ലഭിക്കുന്ന വിധത്തില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയായിരുന്നു. വൈദ്യുത സംഭരണം, വിതരണം എന്നിവ അഡാനി കമ്പനിയില്‍ നിക്ഷിപ്തമാകുന്ന വിധത്തിലാണ് മാറ്റം. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി മാത്രം സംഭരിച്ചാല്‍ മതിയെന്ന വിചിത്ര നിര്‍ദേശമാണ് രാജസ്ഥാനില്‍ കരാറില്‍ വ്യവസ്ഥ ചെയ്തത്.

സംസ്ഥാനത്ത് അഡാനി കമ്പനിയുടെ സൗരോര്‍ജ വൈദ്യുതി നിലയം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. കരാര്‍ വ്യവസ്ഥയനുസരിച്ച് അഡാനി കമ്പനി മാത്രമാകും കരാറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുക. മഹാരാഷ്ട്രയിലാകട്ടെ രാജ്യത്ത് എവിടെ നിന്നും ആണവ വൈദ്യുതി സംഭരിക്കുന്നതിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ അഡാനി ഗ്രൂപ്പ് മേഖലയില്‍ നടത്തിയ നിക്ഷേപം അടിസ്ഥാനമാക്കി അവിടെ നിന്ന് വൈദ്യുതി സംഭരിക്കാമെന്ന് കരാറില്‍ പറയുന്നു. വൈദ്യുതി മേഖലയിലെ മത്സരം തടസപ്പെടുത്താനും അടുപ്പക്കാരന് കരാര്‍ ലഭ്യമാക്കാനും വേണ്ടിയുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ബിജെപി സര്‍ക്കാരുകളെ മറയാക്കി നടത്തിയത്. ലാഭേച്ഛ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന അഡാനിക്ക് കരാര്‍ ലഭിക്കുക വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി നിരക്ക് കുറയാനുള്ള സാധ്യതയും അസ്തമിക്കും. ഇതിനിടെ വൈദ്യുതി പദ്ധതികള്‍ അഡാനി കമ്പനിക്ക് വളഞ്ഞവഴിയിലുടെ നല്‍കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു. സ്വന്തക്കാരന് കരാര്‍ നല്‍കാന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ നടപടി നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് ആരോപിച്ചു. രാജ്യത്തെ നികുതിപ്പണം കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന അഴിമതി ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version