Site iconSite icon Janayugom Online

കോവിഡ് വാക്സിന്‍ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് 19 പ്രതിരോധ കുത്തിവയ്പിന് ശേഷമുണ്ടാകുന്ന മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് കേന്ദ്രം. പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൗരന്മാരെ വാക്സിൻ എടുക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തുമ്പോൾ മാത്രമേ നിർമ്മാതാവിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയുള്ളൂ. വാണിജ്യ അംഗീകാരത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വ്യക്തിഗതമായി സിവിൽ കോടതികളിൽ നഷ്ടപരിഹാരം തേടാമെന്നും സർക്കാർ പറഞ്ഞു. 

ആഗോളതലത്തിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, 2021 ജനുവരിയിലാണ് ഇന്ത്യ മുതിർന്നവർക്കുള്ള വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചത്. ഇക്കഴിഞ്ഞ നവംബർ 19 വരെ രാജ്യത്ത് 219 കോടി ഡോസുകൾ നൽകി. പ്രതിരോധ കുത്തിവയ്പുകളുടെ പാർശ്വഫലങ്ങളെ സംബന്ധിച്ച് 92,114 പരാതികൾ ഉണ്ടായിട്ടുണ്ട്. ഇതിൽ 2,782 എണ്ണം ഗുരുതരമായിരുന്നു. എന്നാല്‍ അവയെല്ലാം വാക്സിനേഷനുമായി ബന്ധപ്പെട്ടതല്ലെന്നും സർക്കാർ വാദിക്കുന്നു.
2021 ഒക്ടോബറിൽ, ഹൈദരാബാദ് സ്വദേശി രചന ഗാംഗു, കോയമ്പത്തൂർ സ്വദേശി വേണുഗോപാലൻ ഗോവിന്ദന്‍ എന്നിവര്‍ തങ്ങളുടെ മക്കളുടെ മരണത്തെത്തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. ഗാംഗുവിന്റെ മകൾ റിതിക ഓംത്രി 2021 ജൂണിൽ കോവിഷീൽഡ് ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് മരിച്ചത്. ഗോവിന്ദന്റെ മകൾ കാരുണ്യ 2021 ജൂലൈയിലും മരിച്ചു. 

വാക്സിനുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നും മക്കളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. കേന്ദ്രസർക്കാർ സമര്‍പ്പിച്ച മറുപടിയില്‍ ഹർജി തള്ളാൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Summary:The cen­tral gov­ern­ment is not respon­si­ble for the death of the covid vaccine
You may also like this video

Exit mobile version