Site icon Janayugom Online

സാമൂഹ്യപെൻഷനിലെ കേന്ദ്രവിഹിതം 15 വർഷമായി ഒരുരൂപ പോലും കൂട്ടിയില്ല

pension

അഞ്ചുവർഷത്തിനിടെ സംസ്ഥാന വിഹിതത്തിൽ കേരളം 350 ശതമാനം വർധനവ് വരുത്തിയെങ്കിലും വയോജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമൂഹ്യക്ഷേമ പെൻഷനിൽ 15 വർഷത്തിലധികമായി കേന്ദ്രം ഒരുരൂപ പോലും കൂട്ടിയില്ല. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ, ദേശീയ വിധവാ പെൻഷൻ എന്നിവയാണ് കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ചേർത്ത് നല്കുന്ന സാമൂഹ്യക്ഷേമ പെൻഷനുകൾ.

 


ഇതുകൂടി വായിക്കൂ : ഒരു പെൻഷനില്ലാത്തവർക്ക് 1000 രൂപ കൈത്താങ്ങ്


 

1995ൽ 75 രൂപ കേന്ദ്ര വിഹിതമായാണ് പെൻഷൻ ആരംഭിച്ചത്. 2006ൽ ഈ തുക 200 രൂപയായി ഉയർത്തിയതാണ്. 2011ൽ പെൻഷൻ ഘടന പരിഷ്കരിച്ച് 80 വയസിന് മുകളിലുള്ളവർക്കുള്ള കേന്ദ്ര വിഹിതം 500 രൂപയായി ഉയർത്തിയെങ്കിലും അതിന് താഴെ പ്രായമുള്ളവരുടെ വിഹിതം 200 രൂപയായിതന്നെ തുടരുകയാണ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്ന വേളയിൽ കേന്ദ്ര വിഹിതം 200 രൂപയും സംസ്ഥാന വിഹിതം 400 രൂപയും ചേർത്ത് 600 രൂപയായിരുന്നു പ്രതിമാസ പെൻഷൻ. എന്നാൽ അഞ്ചുവർഷത്തിനിടെ സംസ്ഥാന വിഹിതം പ്രായഘടയനയുടെ അടിസ്ഥാനത്തിൽ യഥാക്രമം 1400, 1100 രൂപയായി ഉയർത്തിയെങ്കിലും കേന്ദ്ര വിഹിതം 200 രൂപയായിതന്നെ തുടരുകയാണ്. ഈ പെൻഷനുകളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ളവർക്കു മാത്രമാണ് കേന്ദ്ര വിഹിതം ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ വലിയ വിഭാഗത്തിന് സംസ്ഥാനം 1600 രൂപതന്നെ സംസ്ഥാന വിഹിതമായി നല്കേണ്ടിവരുന്നുമുണ്ട്.

 

ഇതുംകൂടി വായിക്കൂ: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം: അനുവദിച്ചത് 1481.87 കോടി

 

സംസ്ഥാനത്ത് 24 ലക്ഷത്തോളം പേർക്ക് വാർധക്യകാല പെൻഷൻ നല്കി വരുന്നുണ്ട്. അതിൽ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വിഹിതം ലഭിക്കുന്നത് അഞ്ചു ലക്ഷത്തോളം പേർക്ക് മാത്രമാണ്. 19ലക്ഷംപേർക്ക്സംസ്ഥാനം 1600 രൂപ വീതം നല്കുന്നു. അംഗപരിമിതർക്കുള്ള കേന്ദ്ര വിഹിതത്തിന്റെ കാര്യവും ഇതുതന്നെ. നാലു ലക്ഷത്തോളം പേർക്ക് സംസ്ഥാനം പെൻഷൻ അനുവദിക്കുന്നുവെങ്കിലും സംസ്ഥാന വിഹിതമായ 300, 500 രൂപ വീതം ലഭിക്കുന്നത് കേവലം 31,000ത്തോളം പേ‍ർക്കുമാത്രമാണ്. അവശേഷിക്കുന്ന തുകയത്രയും സംസ്ഥാന വഹിക്കുകയാണ്. 13ലക്ഷത്തോളം പേർക്ക് ദേശീയവിധവാ പെൻഷൻ സംസ്ഥാനത്ത് നല്കുന്നുണ്ടെങ്കിലും കേന്ദ്ര വിഹിതം ലഭിക്കുന്നത് രണ്ടേകാൽലക്ഷത്തോളം പേർക്ക് മാത്രവും. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിഹിതം വർധിപ്പക്കണമെന്ന ആവശ്യം ഉയരുന്നതെങ്കിലും പെൻഷൻ അർഹതാ പരിധിയിലേയ്ക്ക് കൂടുതൽപേരെ ചേർക്കുന്നതിനോ നാമമാത്രമെന്ന് പറയാവുന്ന കേന്ദ്ര വിഹിതം ഒന്നു പരിറ്റാണ്ട്പിന്നിട്ടിട്ടും ഉയർത്താനോ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിൽ ഈ തുക ഉയർത്തുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്രസർക്കാർ നല്കിയ മറുപടി.

 

Eng­lish Sum­ma­ry: The cen­tral share in social wel­fare pen­sions has not increased by a sin­gle rupee in 15 years

 

You may like this video also

Exit mobile version