Site icon Janayugom Online

നിയമസഭ പ്രമേയം പാസാക്കി; എൽഐസി സ്വകാര്യവല്‍ക്കരണം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം

എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചുവരുന്ന സ്ഥാപനത്തെ സ്വകാര്യ നിക്ഷേപകരുടെ താല്പര്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത് നാടിനോ സമൂഹത്തിനോ ഗുണകരമല്ലെന്നും നിയമസഭ വിലയിരുത്തി. എൽഐസി ഓഹരി വില്പന നടപടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറി പൊതുമേഖലയിൽ നിലനിർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.

രാജ്യത്തിന് കനത്ത നഷ്ടമാണ് എൽഐസി യുടെ സ്വകാര്യവൽക്കരണമെന്ന് പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാർലമെന്റിൽ ചർച്ചയ്ക്ക് പോലും അവസരം നൽകാതെയാണ് ഓഹരി വിൽക്കാൻ തീരുമാനിച്ചത്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടയാനും ദുർബല ജനവിഭാഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താനുമാണ് എൽഐസി ദേശസാൽക്കരിച്ചത്.

അഞ്ച് ശതമാനം ഓഹരി മാത്രമാണ് വിറ്റഴിക്കുന്നതെന്ന് കേന്ദ്രം ന്യായീകരിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ലക്ഷ്യം മൊത്ത വില്പനയാണ്. ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്ക് നൽകുന്ന എണ്ണത്തിലും ക്ലെയിം തീർപ്പാക്കുന്നതിലും ലോകത്തെ മുൻനിരസ്ഥാപനമാണ്. എൽഐസിക്ക് 24 ശതമാനം ഓഫീസ് ഗ്രാമീണ മേഖലയിലുള്ളപ്പോൾ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മൂന്ന് ശതമാനം മാത്രമാണ്.

38,04,610 കോടി രൂപ ആസ്തിയുണ്ട്. ഇത് രാജ്യത്തിന്റെ ആകെ ബജറ്റ് എസ്റ്റിമേറ്റിന് തുല്യമാണ്. എൽഐസി മിച്ചമുണ്ടാക്കുന്ന നാല് ലക്ഷം കോടി രൂപ നാടിന്റെ വികസനത്തിനാണ് വിനിയോഗിക്കുന്നത്. ഈ നിലയിൽ 36.76 ലക്ഷം കോടി രൂപ എൽഐസി രാജ്യത്ത് വികസനത്തിന് നിക്ഷേപിച്ചിട്ടുണ്ട്. നാടിന്റെ ബൃഹത്തായ സ്രോതസ് ആണ് സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടമാവുകയെന്നും പ്രമേയത്തിൽ പറയുന്നു.

eng­lish summary;The cen­tral gov­ern­ment should aban­don the pri­va­ti­za­tion of LIC

you may also like this video;

Exit mobile version