Site iconSite icon Janayugom Online

വാര്‍ഷിക കണ്‍വെന്‍ഷന്റെ പേരില്‍ ധൂര്‍ത്തടിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷന്‍

വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ 45 ലക്ഷം രൂപ ധൂര്‍ത്തടിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. 2024 ഡിസംബര്‍ മാസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഏകദിന പരിപാടിക്കാണ് നികുതിദായകരുടെ പണം പാഴാക്കിയത്.

കമ്മിഷന്‍ പ്രവര്‍ത്തനത്തില്‍ സുതാര്യത, ഉത്തരവാദിത്തം എന്നിവ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു. വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ ലോകേഷ് കെ ബത്ര സമര്‍പ്പിച്ച അപേക്ഷയിലാണ് വിവരാവകാശ കമ്മിഷന്‍, തുക പരസ്യമാക്കിയത്. വാഹന വാടക, അലങ്കാരച്ചെടികള്‍ , കമ്പിളിപ്പുതപ്പ്, ചണ ബാഗ്, മൊമന്റോ, വിവരാവകാശ പുസ്തകങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് തുക വിനിയോഗിച്ചത്. ഭക്ഷണത്തിനായി 15,32,762, ലോജിസ്റ്റിക് ആവശ്യങ്ങള്‍ക്കായി 12,21,128 രൂപയടക്കം 45,11,749 ലക്ഷമാണ് കമ്മിഷന്‍ പൊടിച്ചത്.
ബജറ്റ് വിഹിതമായി അനുവദിച്ച തുകയില്‍ നിന്നാണ് ഇത്രയും പണം വിനിയോഗിച്ചതെന്നും മറുപടിയില്‍ പറയുന്നു. കേന്ദ്ര പേഴ്സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായമില്ലാതെയാണ് കമ്മിഷന്‍ സമ്മേളനം നടത്തിയത്. 2023–24, 2024–25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതമാണ് ഏകദിന സമ്മേളനം നടത്താന്‍ ധൂര്‍ത്തടിച്ചത്. 2012–13, 2013–14 സാമ്പത്തിക വര്‍ഷം കേവലം 12.06 ലക്ഷം രൂപ വിനിയോഗിച്ച് നടത്തിയ വാര്‍ഷിക സമ്മേളന തുകയാണ് 45 ലക്ഷമായി കുതിച്ചുയര്‍ന്നതെന്ന് ലോകേഷ് ബത്ര പറഞ്ഞു. 

ഒരു ദിവസത്തെ സമ്മേളനത്തിന് ഭീമമായ തുക ധൂര്‍ത്തടിച്ച കമ്മിഷന്‍ നടപടി ഇതുവരെയില്ലാത്തതാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി അനുഭാവിയുമായ ഹീരലാല്‍ കമരിയ അധ്യക്ഷനായ മൂന്നാംഗ സമിതിയാണ് നികുതിവിഹിതം അനാവശ്യമായി ധൂര്‍ത്തടിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ വിവരാവകാശ അപേക്ഷകളില്‍ കൃത്യമായ ഇടപെടല്‍ നടത്താനോ യഥാര്‍ത്ഥ വിവരം നല്‍കാനോ അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കാനോ സാധിക്കാതെ കടലാസ് പുലിയായി അവശേഷിക്കുന്ന കേന്ദ്ര വിവരാവകാശ കമ്മിഷനാണ് പണം ധൂര്‍ത്തടിച്ച് സ്ഥാപനത്തിന്റെ മാന്യത കളങ്കപ്പെടുത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Exit mobile version