Site iconSite icon Janayugom Online

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മാനവരാശിയുടെ ചരിത്രത്തില്‍ ഇച്ഛാശക്തിയാര്‍ന്ന ഭരണനിര്‍വഹണത്തിലൂടെയും വിസ്മയകരമായ ജനകീയ കൂട്ടായ്മയിലൂടെയും കൈവരിച്ച അപൂര്‍വ നേട്ടത്തിന്റെ അടയാളപ്പെടുത്തലായി കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍, വിശിഷ്ട്യാതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്ര പ്രഖ്യാപനം നടത്തിയതോടെ കേരളം ലോകത്തിന്റെ നെറുകയിലെത്തുന്ന ജനപഥമായി. സാമൂഹ്യ പുരോഗതിയുടെയും വികസനത്തിന്റെയും മഹാഗാഥ രചിച്ച കേരളത്തിന്റെ ഈ ഐതിഹാസിക നേട്ട പ്രഖ്യാപനത്തിന് സാക്ഷികളാകാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പതിനായിരങ്ങള്‍ സദസില്‍ തിങ്ങിനിറഞ്ഞിരുന്നു. 2021ല്‍ തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമാണ് നാലര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലെത്തിയത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയിലൂടെ നടത്തിയ, പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനം ഈ നേട്ടം സ്വന്തമാക്കിയത്. 

ഈ നേട്ടപ്രഖ്യാപനം സംസ്ഥാനം ലോകത്തിന് മുമ്പില്‍ വച്ച ജനപക്ഷ ബദല്‍ വികസന മാതൃകയുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷ നയങ്ങള്‍ എങ്ങനെയെല്ലാം ജനപക്ഷ വികസനമാകുന്നു എന്നതിന്റെ ഉദാത്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
നവ ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് അസമത്വം വര്‍ധിപ്പിക്കുകയാണ്. സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുന്നുകൂടുന്നു. ആ ഒരു രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിക്കുന്ന, ജാഗ്രതയുള്ള സമത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേമമാതൃക സാധ്യമാണെന്ന് കേരളം നെഞ്ചുവിരിച്ച് തലയുയര്‍ത്തി ലോകത്തോട് പറയുകയാണ്. ഇത് കേവലം സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നേരിട്ട നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. ഇവിടെ യാഥാര്‍ത്ഥ്യമായത് കേവലം ഒരു ക്ഷേമപദ്ധതിയോ സന്നദ്ധ പ്രവര്‍ത്തനമോ അല്ല. ഇത് ആരുടേയും ഔദാര്യവുമല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അനുശാസിക്കുന്ന സാമ്പത്തിക സമത്വം എന്ന അടിസ്ഥാന മൂല്യത്തിന്റെ പ്രായോഗിക സാക്ഷാത്കാരമാണ്. പാവപ്പെട്ടവന്റെ അവകാശമാണ് — മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ഒരു അവസാനമല്ല, ഒരു തുടക്കമാണ്. ആകസ്മിക പ്രതിസന്ധികളില്‍ അകപ്പെടുന്നവര്‍ക്കുപോലും സുരക്ഷിതത്വം ഉറപ്പാക്കുന്ന, സമ്പൂര്‍ണമായ ഒരു സാമൂഹികഘടന സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ജനകീയ ബദല്‍ നയം ഒരു തടസവുമില്ലാതെ തുടരേണ്ടത് ഈ നാടിന്റെ അനിവാര്യതയാണ്. ആ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കേരള ജനതയാകെ ഒപ്പമുണ്ടെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ റിപ്പോര്‍ട്ട് വിശിഷ്ടാതിഥി നടൻ മമ്മൂട്ടിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സ്പീക്കര്‍ എ എൻ ഷംസീര്‍ മുഖ്യാതിഥിയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതവും തദ്ദേശ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ നന്ദിയും പറഞ്ഞു. 

Exit mobile version