Site iconSite icon Janayugom Online

ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഗവര്‍ണറുടെ ഭീഷണിക്കും പരിഹാസത്തിനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ പാസാക്കിയ ബില്ലുകളിൽ പോലും കുത്തിയിരിക്കുന്ന ഗവര്‍ണറുടെ ശീലത്തെ പരമോന്നത നീതിപീഠം പോലും വിമര്‍ശിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലെ പരാമര്‍ശങ്ങള്‍ക്ക് ഓരോന്നിനും മറുപടി നല്‍കിയാണ് ഇന്നലെ മറുപടി കത്ത് അയച്ചത്. വ്യക്തിപരമായ ആക്രമണമാണ് തനിക്കെതിരെ ഗവര്‍ണര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല, ബോധപൂര്‍വമായ വ്യക്തിപരമായ അധിക്ഷേപത്തിന് പിന്നില്‍ എന്തെങ്കിലും മറഞ്ഞിരിക്കുന്നുണ്ടെന്ന് കരുതാന്‍ താന്‍ നിര്‍ബന്ധിതനാകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകൾക്കായി വിനിയോഗിച്ചതായി കേരള പൊലീസ് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍, കേരള പൊലീസിന്റെ വെബ്സൈറ്റില്‍ അത്തരമൊരു പ്രസ്താവനയില്ലെന്ന് പൊലീസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. സ്വർണ കള്ളക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുകയും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിയമാനുസൃതമായ നികുതി വരുമാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തിയാണത്. താന്‍ ഉദ്ദേശിച്ചതില്‍ അധികമായി വലിച്ചുനീട്ടുന്നതും വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതും അവസാനിപ്പിക്കണമെന്ന് ഗവര്‍ണറോട് അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version