Site iconSite icon Janayugom Online

നിലനില്പിന്റെയും ഭാവി പ്രതീക്ഷകളുടെയും തെര‍ഞ്ഞെടുപ്പ്

കാലാവധി അവസാനിക്കുന്ന അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതികള്‍ കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ആവിര്‍ഭാവത്തോടെ രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയും പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കപ്പെടുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. വാക്സിനേഷന്‍ കാര്യത്തില്‍ സംഭവിച്ച അലംഭാവവും ഈ സംശയത്തെ ബലപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതാത് സംസ്ഥാനങ്ങളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടുകള്‍ തേടുകയും മതിയായ മുന്‍കരുതലുകള്‍ നിര്‍ദേശിക്കുകയും ചെയ്ത ശേഷമാണ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 03, 07 എന്നീ തീയതികളിലുള്ള തെരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളുള്ള യുപിയില്‍ മാത്രമാണ് ഏഴു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 മണ്ഡലങ്ങളുള്ള മണിപ്പുരില്‍ രണ്ടു ഘട്ടമായി ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ്. 117 മണ്ഡലങ്ങളുള്ള പഞ്ചാബ്, 40 സീറ്റുകളുള്ള ഗോവ, 70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഫെബ്രുവരി 14 നാണ് വിധി നിര്‍ണയിക്കുന്നതിനുള്ള വോട്ടവകാശം വിനിയോഗിക്കേണ്ടത്. അഞ്ചിടങ്ങളിലേയും വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.

രാജ്യമാകെ വോട്ടവകാശം വിനിയോഗിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോഴും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി 36 ഭരണ സംവിധാനങ്ങളുണ്ടെന്നത് പരിഗണിക്കുമ്പോഴും ഈ അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കേണ്ടതില്ല. പക്ഷേ 92 കോടിയിലധികം വോട്ടര്‍മാരുള്ള രാജ്യത്ത് അതിന്റെ അഞ്ചിലൊന്നോളം പേര്‍ (18.34 കോടി) വോട്ടുചെയ്യുന്നു എന്നതും അഞ്ചില്‍ നാലു സംസ്ഥാനങ്ങള്‍ — ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്- ബിജെപി ഭരിക്കുന്നുവെന്നതും തെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നു. ഈ നാലു സംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. അതില്‍തന്നെ ഇന്ത്യയുടെ ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുപിയില്‍. മറ്റൊന്നുകൂടിയുണ്ട്. യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാമെന്ന രാഷ്ട്രീയ വിലയിരുത്തലുകളുമുണ്ട്.

 


ഇതുംകൂടി വായിക്കാം; ഏകാധിപത്യ പ്രവണതയുടെ പ്രതിഫലനങ്ങള്‍


 

പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നതിന്റെ സൂചനകള്‍ യുപിയില്‍ നിന്നടക്കം ലഭിക്കുന്നുണ്ട്. തൊട്ടടുത്ത ഉത്തരാഖണ്ഡിലും വടക്കുകിഴക്കുള്ള മണിപ്പുരിലും മഹാരാഷ്ട്രയോട് തൊട്ടു കിടക്കുന്ന ഗോവയിലും എളുപ്പം ജയിക്കാവുന്ന സാഹചര്യമില്ല. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനര്‍ഹമായ പ്രശംസ വാരിക്കോരി ചൊരിഞ്ഞും പതിനായിരക്കണക്കിന് കോടി രൂപയുടെ കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിച്ച് ശിലാസ്ഥാപന ഘോഷയാത്ര നടത്തിയും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്ക വല്ലാതെ പരിഭ്രമിപ്പിക്കുന്നുമുണ്ട്. ഭരണ പരാജയം മാത്രമല്ല വര്‍ത്തമാനകാല ഇന്ത്യ കണ്ട അഭൂതപൂര്‍വമായ ജനമുന്നേറ്റങ്ങളും കാരണമാണ് ബിജെപി വല്ലാതെ പരിഭ്രമിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരം തുടങ്ങിയത് പഞ്ചാബിലും ഹരിയാനയിലും ഒക്കെയായിരുന്നു. എങ്കിലും ഡല്‍ഹിയിലേക്ക് അത് പടര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഉറക്കം കെടുത്തുംവിധം ആ സംസ്ഥാനത്തും വേരുറച്ചിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ കണക്കെടുപ്പില്‍ ബിജെപിക്ക് ഇപ്പോഴും ആശ്വസിക്കുന്നതിനുള്ള ഒരു വകയും കിട്ടുന്നില്ല. അതിനാല്‍ അതാതിടങ്ങളിലെ വികസന വിഷയത്തെ പരണത്തുവച്ച് കടുത്ത വര്‍ഗീയതയും വിദ്വേഷ പ്രചരണവും ആയുധമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപിയുടെ ആശയ മേലാളന്മാരുടെ ഒത്താശയോടെ നേരത്തെ തന്നെ നടന്നുവരുന്നുണ്ട്. അയോധ്യക്കു പിറകേ മഥുരയും കാശി വിശ്വനാഥ് ഇടനാഴിയും മുന്‍നിരയിലേക്കു വന്നതും മതപരിവര്‍ത്തന നിയമവും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന നദീതടങ്ങള്‍ ഒഴുകിയെത്തിയതും അതിന്റെയൊക്കെ ഫലമായിട്ടാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാകട്ടെ പല കാരണങ്ങളാല്‍ ശ്രദ്ധേയമാകുന്ന സംസ്ഥാനവുമാണ്. കര്‍ഷക സമരം ആരംഭിച്ച്, അതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിക്കാത്ത സംസ്ഥാനമാണത്. കോണ്‍ഗ്രസിനകത്തെ സംഘര്‍ഷങ്ങളും ശ്രദ്ധ വര്‍ധിപ്പിക്കുന്നു. സ്വയം ഇരയുടെ പരിവേഷം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുവാനുള്ള നാണംകെട്ട കളി നടന്ന സംസ്ഥാനവുമാണ് പഞ്ചാബ്. ദേശീയ — സംസ്ഥാന രാഷ്ട്രീയ ഭൂമികകളില്‍ മതേതര — ജനാധിപത്യ സംരക്ഷണ രാഷ്ട്രീയത്തില്‍ നിര്‍വഹിക്കുവാനുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് സ്വയം തോറ്റുകൊടുക്കുമോ എന്ന് കണ്ടറിയേണ്ടതും ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കൂട്ടുന്നു. അതിനെല്ലാമപ്പുറം ഭരണ നയങ്ങള്‍കൊണ്ട് ജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ അത്രയും കുടിച്ചുതീര്‍ക്കേണ്ടിവന്ന അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഇത് നിലനില്പിന്റെയും ഭാവി പ്രതീക്ഷകളുടെയും തെര‍ഞ്ഞെടുപ്പാണ്.

you may also like this video;

Exit mobile version