നഗരവീഥികള്‍ ചുവന്നൊഴുകിയ പകലും പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന സായാഹ്നവും. തെലങ്കാനയിലെ ഖമ്മത്തിന് ഇന്ന് അവിസ്മരണീയാനുഭവങ്ങളായിരുന്നു. ഒരുവര്‍ഷത്തിലധികം നീണ്ടുനിന്ന സിപിഐ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നതായി. റാലിയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. നയാബസാർ കോളജ് ഗ്രൗണ്ട്, ശ്രീ ശ്രീ പ്രതിമ പരിസരം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച പ്രകടനങ്ങള്‍ ഉച്ചയോടെ റാലി നടക്കുന്ന എസ്ആര്‍ ആന്റ് ബിജിഎന്‍ആര്‍ കോളജ് ഗ്രൗണ്ടിലേക്ക് ഒഴുകിത്തുടങ്ങി. രണ്ട് ബഹുജന പ്രകടനങ്ങളുടെയും മുന്നിലായി പതിനായിരം ചുവപ്പ് വോളണ്ടിയര്‍മാര്‍ മാര്‍ച്ച് ചെയ്തു.
നൂറുവര്‍ഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന നിശ്ചല ദൃശ്യങ്ങള്‍, ബാന്റ് വാദ്യങ്ങള്‍, കാവടിയാട്ടം, തെലങ്കാനയുടെ തനത് നൃത്തരൂപങ്ങളായ ഗുസ്സാഡി, ധിംസ, രംബാഡി, ഡപ്പു തുടങ്ങിയവയും പരമ്പരാഗത വേഷമണിഞ്ഞെത്തിയ പ്രവര്‍ത്തകരും ചുവപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞ ആയിരക്കണക്കിന് പ്രവര്‍ത്തകരും പ്രകടനത്തെ വര്‍ണാഭമാക്കി, ഒപ്പം ഉത്സവപ്രതീതിയും.
വീരതെലങ്കാനയുടെ പോരാട്ട സ്മരണകളിരമ്പുന്ന ഖമ്മം നഗരത്തിന്റെ രണ്ട് വഴികളിലൂടെ പ്രകടനങ്ങള്‍ റാലി സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ വേദിയില്‍ ഗായകസംഘത്തിന്റെ കലാപരിപാടികളും നാടന്‍ പാട്ടുകളും വിപ്ലവഗാനാലാപനവും ആരംഭിച്ചിരുന്നു. പൊതുസമ്മേളനം തുടങ്ങിയപ്പോഴേക്കും എസ്ആര്‍ ആന്റ് ബിജിഎന്‍ആര്‍ കോളജ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. വിഖ്യാത തെലുഗ് സംഗീത സംവിധായകനും ഗായകനുമായ വന്ദേമാതരം ശ്രീനിവാസ് വിപ്ലവഗാനങ്ങള്‍ ആലപിച്ചു.
പൊതുസമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമെത്തി. തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജീത് കൗര്‍, കെ പ്രകാശ്ബാബു, രാമകൃഷ്ണപാണ്ഡ, പി സന്തോഷ് കുമാര്‍, ആനി രാജ, പല്ല വെങ്കിട്ടറെഡ്ഡി, കെ രാമകൃഷ്ണ, സംസ്ഥാന സെക്രട്ടറിമാരായ ബിനോയ് വിശ്വം (കേരളം), ജി ഈശ്വരയ്യ (ആന്ധ്രപ്രദേശ്), മുതിര്‍ന്ന നേതാവ് ഡോ. കെ നാരായണ തുടങ്ങിയവര്‍ സംസാരിച്ചു. ചൈന, വിയറ്റ്നാം, ക്യൂബ, നേപ്പാൾ, വെനസ്വേല, ഉത്തര കൊറിയ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളും അഭിവാദ്യം ചെയ്തു. ഹേമന്ത റാവു സ്വാഗതം പറഞ്ഞു.

