Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞു: വിമത ശല്യത്തിൽ വലഞ്ഞ് യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞപ്പോൾ വിമത ശല്യത്തിൽ വലഞ്ഞ് യുഡിഎഫ്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും മുന്നണിയെ ശിഥിലമാകുമ്പോൾ എൽഡിഎഫ് ഏറെ മുന്നിലാണ്. കൊച്ചി കോർപ്പറേഷനിൽ പത്തിലേറെ വാർഡിൽ യുഡിഎഫിന് വിമത ഭീഷണിയുണ്ട്. തൃശൂരിലും കോൺഗ്രസിന് വിമതരുണ്ട്. 

ആലപ്പുഴ നഗരത്തിലെ പുന്നമട വാർഡിൽ കോൺഗ്രസ്‌ വാർഡ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. വാർഡ് കമ്മിറ്റി നിര്‍ദേശിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കാതെ പുറത്തുനിന്ന്‌ കെട്ടിയിറക്കിയിതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. വാർഡ് കമ്മിറ്റിയിൽ പങ്കെടുത്ത 23ൽ 22 പേരും പ്രസിഡന്റ്‌ കെ ഇ ജോർജിനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രഖ്യാപനം വന്നപ്പോൾ വാർഡിന് വെളിയിൽനിന്ന്‌ കെ എ സാബു സ്ഥാനാർത്ഥിയായി. പരാതി നൽകിയെങ്കിലും വാർഡ് കമ്മിറ്റി നിര്‍ദേശം ഡിസിസി അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജി.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മൽസരിക്കുന്ന ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി രാജു താന്നിക്കൽ സ്ഥാനം രാജിവച്ചു. രണ്ടുതവണ മുനിസിപ്പൽ കൗൺസിലറായിരുന്ന രാജു താന്നിക്കലിനെ, തുടർന്ന് നടന്ന തെരഞ്ഞെടുപ്പ്കളിൽ കോൺഗ്രസ് തഴയുകയായിരുന്നു. കൊച്ചിയിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർ അടക്കം പത്ത് പേർ യുഡിഎഫിന് ഭീഷണിയായി മത്സരരംഗത്തുണ്ട്. മലപ്പുറം പള്ളിക്കൽ പഞ്ചായത്തിലെ കൂട്ടാലങ്ങുൽ വാർഡിൽ യുഡിഎഫിനായി ഒമ്പത്പേരാണ് പത്രിക നൽകിയത്. 

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മൂന്നിലവ് ഡിവിഷനിലേയ്ക്ക് സ്റ്റാന്‍ലി മാണി കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകും. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഷിബു തോമസിന് പകരമാണ് സ്റ്റാന്‍ലിയെ ജില്ലാ നേതൃത്വം ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കിയത്. കൈപ്പത്തി ചിഹ്നവും സ്റ്റാന്‍ലിയ്ക്ക് അനുവദിച്ചു. പാര്‍ട്ടി ഗ്രൂപ്പിസമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നയിച്ചത്.

Exit mobile version