കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ കോൺക്രീറ്റ് പാളികള്‍ അടർന്നുവീഴുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. മാർക്കറ്റിൽ സപ്‌ളൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് പാളി അടർന്ന് വീണതാണ് എറ്റവും ഒടുവിൽ പുറത്തുവന്ന സംഭവം. വ്യാഴാഴ്ച നടന്ന സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്.
സൂപ്പർ മാർക്കറ്റിൽ തൊഴിലാളികള്‍ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന ഭാഗത്താണ് മേൽക്കൂരയിൽ നിന്നും വലിയ കോൺക്രീറ്റ് പാളി അടർന്നുവീണത്. മൂന്ന് സ്ത്രീകളാണ് ഇവിടെ പാക്കിംഗ് ജോലിക്ക് ഉള്ളത്. കോൺക്രീറ്റ് അടർന്നു വീണപ്പോൾ ഇവർ ആരും ഇവിടെ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ ഇവിടെ പാക്കിങ്ങിനായി സൂക്ഷിച്ചിരുന്ന തുവരപ്പരിപ്പ് അടക്കമുള്ള ഏതാനും ചാക്ക് സാധനങ്ങൾ ഉപയോഗശൂന്യമായി.
സപ്ലൈകോ സൂപ്പർ മാർക്കറ്റ് വർഷങ്ങളായി ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നതാണ്. മുമ്പ് മാവേലി സ്റ്റോർ ആയിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞദിവസം കോൺക്രീറ്റ് പാളി അടർന്നുവീണ ഭാഗത്ത് കുറച്ചുനാളുകൾക്ക് മുൻപും സമാന സംഭവം ഉണ്ടായിരുന്നു. ഇതേ തുടർന്ന് കോൺക്രീറ്റ് അടന്ന ഭാഗം വീണ്ടും പ്ലാസ്റ്ററിംഗ് നടത്തിയിരുന്നു. പുതിയതായി പ്ലാസ്റ്ററിംഗ് നടത്തിയ ഭാഗത്തുനിന്നാണ് വീണ്ടും കോൺക്രീറ്റ് അടർന്നു വീണത്. ഇവിടെ ഇരുമ്പ് കമ്പികൾ തുരുമ്പിച്ചു വെളിയിലേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലാണ് കാണപ്പെടുന്നത്. കൂടുതൽ ഭാഗങ്ങളിൽ ഏത് നിമിഷവും കോൺക്രീറ്റ് അടർന്നു വീഴാവുന്ന സ്ഥിതിയിൽ നിൽപ്പുമുണ്ട്. ഭീതിയോടെയാണ് പാക്കിംഗ് തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നത്. കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതിനാൽ പാക്കിംഗ് മറ്റെവിടെയ്ക്കെങ്കിലും മാറ്റാനും നിർവാഹമില്ല.
തിരുനക്കരയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് അടർന്നു വീണ് ഒരാൾ മരിച്ചത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്. ഇന്നലെ കുമാരനല്ലൂരിൽ നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് അടർന്നുവീണ് തൊഴിലാളിക്ക് പരുക്ക് പറ്റിയിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ യഥാസമയം ആറ്റുകുറ്റപ്പണികൾ നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
English Summary: The concrete on the roof of the Supplyco supermarket fell off
You may also like this video