Site iconSite icon Janayugom Online

മുഹമ്മദ് ഷഹബാസിന് കണ്ണീർചിതയൊരുക്കി നാട്; യാത്രാമൊഴിയേകി അധ്യാപകരും സുഹൃത്തുക്കളും

വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ക്രൂരമായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് കണ്ണീർചിതയൊരുക്കി നാട്. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും ഖബറടക്കിയപ്പോഴും യാത്രാമൊഴിയേകാൻ അധ്യാപകരും സുഹൃത്തുക്കളും ഉള്‍പ്പെടെ ആയിരങ്ങളെത്തി. കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിഎപ്പോഴാണ് മുഹമ്മദ് ഷബാസ് കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെ താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചു. അവിടെ നിന്നുമാണ് മൃതദേഹം മയ്യത്ത് നമസ്കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയത്. 

കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷമായിരുന്നു ഖബറടക്കം. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 12.30 ഓടെയാണ് ഷബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. 

ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. 

Exit mobile version