Site iconSite icon Janayugom Online

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വീണ്ടും മുകളിലേക്ക്

UnemploymentUnemployment

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ മുകളിലേക്ക്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.3 ശതമാനമാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിൽ 6.8 ശതമാനമായിരുന്നു സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി ഡാറ്റ അനുസരിച്ച് തൊഴിലില്ലായ്മാ നിരക്ക്.
നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമീണ നിരക്കിനേക്കാൾ എട്ട് ശതമാനം കൂടുതലാണ്. ഇത് പൊതുവെ ഏഴ് ശതമാനത്തിനടുത്താണ് കൂടാറുള്ളത്. ഓഗസ്റ്റിൽ നഗര തൊഴിലില്ലായ്മ 9.6 ശതമാനമായും ഗ്രാമീണ തൊഴിലില്ലായ്മ 7.7 ശതമാനമായും ഉയർന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ജൂലൈയിൽ 6.1 ശതമാനമായിരുന്നു. അതേസമയം തൊഴിൽ നിരക്ക് 37.6 ശതമാനത്തിൽ നിന്ന് 37.3 ശതമാനമായി കുറഞ്ഞു. കാലാവസ്ഥ മോശമാകുന്നതും ക്രമാതീതമായ മഴ കൃഷിയെയും അനുബന്ധ തൊഴിലുകളെയും ബാധിച്ചതും ഗ്രാമീണ തൊഴിലില്ലായ്മ വർധിക്കുന്നതിനു ഒരു കാരണമായി. കാലവര്‍ഷം അവസാനിക്കുന്നതോടെ കാർഷിക പ്രവർത്തനങ്ങൾ വർധിക്കുമെന്ന പ്രതീക്ഷയുള്ളതിനാൽ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് കുറയാനിടയുണ്ട്.
സിഎംഐഇയുടെ കണക്കുകൾ പ്രകാരം ഹരിയാനയിൽ 37.3 ശതമാനവും ജമ്മു കശ്മീരിൽ 32.8 ശതമാനവും രാജസ്ഥാനിൽ 31.4 ശതമാനവും ഝാർഖണ്ഡിൽ 17.3 ശതമാനവും ത്രിപുരയിൽ 16.3 ശതമാനവുമായിരുന്നു കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മാ നിരക്ക്. ഛത്തീസ്ഗഡ് 0.4 ശതമാനം, മേഘാലയ രണ്ട് ശതമാനം, മഹാരാഷ്ട്ര 2.2 ശതമാനം, ഗുജറാത്ത്, ഒഡിഷ 2.6 ശതമാനം വീതവുമാണ് തൊഴിലില്ലായ്മാ നിരക്ക്.
ജനുവരി- മാർച്ച് മാസങ്ങളിൽ 15 വയസിന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് നഗരപ്രദേശങ്ങളിൽ 8.2 ശതമാനമാണെന്ന് ആനുകാലിക ലേബർ ഫോഴ്സ് സർവേ പറയുന്നു. ഏപ്രിൽ- ജൂൺ മാസങ്ങളിൽ നഗരപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 9.5 ശതമാനമാണ്. മുൻവർഷം ഇതേസമയം ഇത് 14.3 ശതമാനമായിരുന്നു. ജനുവരി-മാർച്ച് മാസങ്ങളിൽ ഇത് 10.1 ശതമാനമായിരുന്നു. പുരുഷന്മാരിൽ, നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിൽ- ജൂൺ മാസങ്ങളിൽ 7.1 ശതമാനമായി കുറഞ്ഞു. ഒരു വർഷം മുമ്പ് ഇത് 12.2 ശതമാനമായിരുന്നു. ജനുവരി- മാർച്ച് മാസങ്ങളിൽ ഇത് 7.7 ശതമാനമായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി–മാർച്ച് കാലയളവിൽ കേരളത്തിന്റെ നിരക്കിൽ കുറവുണ്ടായെങ്കിലും തൊഴിലില്ലായ്മാ പട്ടികയിൽ 13.2 ശതമാനത്തോടെ മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ രാജ്യമാകെയുള്ള ശരാശരി നിരക്ക് 8.2 ശതമാനമാണ്. ജമ്മു കശ്മീര്‍ 15.6 ശതമാനം, ഹരിയാന 13.5 ശതമാനം എന്നിവയാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്. സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്കാണ് കേരളത്തിൽ കൂടുതൽ, 19.1 ശതമാനം. പുരുഷന്മാരുടേത് 10. 6 ശതമാനവും. ജമ്മു കശ്മീർ 15.6, ഹരിയാന 13.5, രാജസ്ഥാൻ 12.9, ഒഡിഷ 12.7, ഉത്തരാഖണ്ഡ് 11.9, ഛത്തീസ്ഗഡ് 11.7, ഹിമാചൽ പ്രദേശ് 10.4, ബിഹാർ 10.1, അസം 9.9 എന്നിങ്ങനെയായിരുന്നു ജനുവരി–മാർച്ച് കാലയളവിലെ തൊഴിലില്ലായ്മാ നിരക്ക്.

Eng­lish Sum­ma­ry: The coun­try’s unem­ploy­ment rate is up again

You may like this video also

Exit mobile version