സിപിഐ ജില്ലാ സമ്മേളനം ഇന്ന് മുതൽ 20വരെ വടക്കഞ്ചേരിയിൽ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന പതാക, ബാനർ, കൊടിമര ജാഥകള്‍ വൈകിട്ട് 2.30ന് സമ്മേളന നഗരിയിലെത്തിച്ചേരും. തുടർന്ന് മുതിർന്ന അംഗം കെ ഇ ഹനീഫ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.
മൂന്നിന് റെഡ് വോളണ്ടിയർ മാർച്ച് മംഗലം പാലത്തു നിന്നും ആരംഭിച്ച് കാനം രാജേന്ദ്രൻ നഗറില്‍ (വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡ്) എത്തും. തുടർന്ന് പൊതുസമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷനാകും. ദേശീയ കൗൺസിൽ അംഗം മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മന്ത്രി കെ രാജൻ എന്നിവർ സംസാരിക്കും. കെ രാമചന്ദ്രൻ സ്വാഗതവും പി എം അലി നന്ദിയും പറയും.
നാളെ രാവിലെ 10.30ന് കെ വി ശ്രീധരൻ നഗറില്‍ (ത്രീ സ്റ്റാർ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. വിജയൻ കുനിശേരി പതാക ഉയർത്തും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ജെ ചിഞ്ചുറാണി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, സി എൻ ജയദേവൻ തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്നു ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും.
ഇടുക്കി ജില്ലാ സമ്മേളനം നാളെ മുതൽ
സിപിഐ ഇടുക്കി ജില്ലാ സമ്മേളനം നാളെ ആരംഭിക്കും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് സമ്മേളന കാര്യപരിപാടി പുനഃക്രമീകരിച്ചതായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അറിയിച്ചു.
ഇന്നലെ രാവിലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പതാക, കൊടിമരം, ദീപശിഖാ ജാഥകൾ ആരംഭിക്കാനിരിക്കെ ആയിരുന്നു മരണം. തുടർന്ന്, ഇന്നലത്തെ ജാഥാ പര്യടനവും പൊതുസമ്മേളനവും മാറ്റി. പുതുക്കിയ പരിപാടി പ്രകാരം നാളെ പ്രതിനിധി സമ്മേളനം ആരംഭിച്ച് ഞായറാഴ്ച സമാപിക്കും.

