Site iconSite icon Janayugom Online

താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ;വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

താമരശ്ശേരില്‍ സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഏറെ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.എം ജെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്.കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

വ്യാഴം വൈകിട്ട്‌ താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന്‌ സമീപത്താണ്‌ താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെയും എളേറ്റിൽ വട്ടോളി എംജെ എച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്‌. ഞായറാഴ്‌ച പരിപാടിയിൽ എംജെഎച്ച്‌എസ്‌എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്‌, പാട്ട്‌ നിലച്ചതിനെ തുടർന്ന്‌ പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌. പിന്നീട്‌ എംജെ സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ്‌ ഗ്രൂപ്പിലൂടെ സംഘടിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. 

താമരശേരി സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ പരിക്കേറ്റ് കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഷഹബാസ് ചികിത്സയിലായിരുന്നു. ആരോപണവിധേയരായ അഞ്ച്‌ വിദ്യാർഥികളെ താമരശേരി പൊലീസ്‌ കസ്റ്റഡിയിലെടുത്തു. താമരശേരി സ്‌കൂളിലെ വിദ്യാർഥിയാണ്‌ മുഹമ്മദ്‌ ഷഹബാസ്‌. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ അഞ്ച് പേരെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്‌. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. 

Exit mobile version