ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 417 ആയി. അതിതീവ്ര മഴ തുടരുന്ന ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല ഒഴിപ്പിക്കൽ ശ്രമങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ദ്വീപിലെ പ്രധാന റോഡുകൾ വിച്ഛേദിക്കപ്പെട്ടു. ഇന്റർനെറ്റും വൈദ്യുതിയും ഭാഗികമായി മാത്രമേ ഉള്ളൂ.
ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ മൂലം രൂക്ഷമായ മഴക്കാലം തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വർഷങ്ങളായി ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് വഴിവെച്ചു. മലേഷ്യയിലും തായ്‌ലൻഡിലും നൂറുകണക്കിന് പേർ മരിക്കുകയും കാണാതാവുകയും ചെയ്തു. ദശലക്ഷക്കണക്കിന് പേർ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു.
തായ്‌ലൻഡിൽ നിലവിൽ 170 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായ കഠിന കാലാവസ്ഥയിൽ 160 തോളം പേർ മരിച്ചു.
ഇന്തോനേഷ്യയിൽ വളരെ അപൂർവമായ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റായ സൈക്ലോൺ ‘സെൻയാർ’ ആണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം വളരെ ധ്രുതഗതിയിലായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അത് തെരുവുകളിലെത്തി വീടുകളിൽ കയറിയെന്ന് ഇന്തോനേഷ്യയിലെ ആചെ പ്രവിശ്യയിലെ താമസക്കാരിയായ അരിനി അമാലിയ പറഞ്ഞു.

