Site iconSite icon Janayugom Online

ശബരിമലയില്‍ കൊടിമരംപുനപ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചതും പുനപ്രതിഷ്ഠിച്ചതും യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്

ശബരിമലയിലെ കൊടിമരപുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖ പുറത്ത്. കൊടിമരം പുനപ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. 2014 ജൂണ്‍ 18നാണ് ദേവപ്രശ്‌നത്തിലൂടെ കൊടിമരം പുനഃപ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്.
2017ല്‍ കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണസമിതിയാണ് കൊടിമര പുനപ്രതിഷ്ഠ നടത്തിയത്. തീരുമാനം രേഖപ്പെടുത്തിയ അഷ്ടമംഗല പ്രശ്‌നച്ചാര്‍ത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രയാര്‍ ഗോപാലകൃഷ്ണനെ കൂടാതെ അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു കൊടിമരം പുനപ്രതിഷ്ഠിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. കൊടിമരത്തിന്റെ മേലെ അനര്‍ഹമായ വിധത്തില്‍ ലേപനക്രിയ ചെയ്തിരിക്കുന്നത് ദോഷമാണ്, ജീര്‍ണതാ ലക്ഷണവും ഉണ്ട്. ആകയാല്‍ പൂര്‍ണമായും ഉത്തമമായ തടികൊണ്ടുള്ള നൂതനധ്വജം പ്രതിഷ്ഠിക്കേണ്ടതാണ്‘എന്നായിരുന്നു ദേവപ്രശ്‌നത്തില്‍ പറഞ്ഞത്.

എന്നാല്‍ കൊടിമരം പൊളിച്ചു മാറ്റുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടിരുന്നില്ല. പിന്നാലെ കോടികളുടെ വിലയുണ്ട് എന്ന് കരുതുന്ന വാജി വാഹനം പഴയതതില്‍ നിന്ന് മാറ്റുകയും അഷ്ടദിക് പാലകരെ മാറ്റുകയും ചെയ്തു. പിന്നീട് എസ്‌ഐടി പരിശോധനയിലാണ് പെയിന്റ് അടിച്ച രൂപത്തില്‍ ഒരു പൊതിഞ്ഞ രീതിയിലുള്ള അഷ്ടദിക് പാലകരെ സ്‌ട്രോങ് റൂമില്‍ നിന്ന് കിട്ടുന്നത്.1970കളില്‍ സ്ഥാപിക്കുന്ന സമയത്ത് സ്വര്‍ണം പൊതിഞ്ഞ പില്ലറുകള്‍ പൂര്‍ണമായും പുതിയ സ്വര്‍ണത്തിലേക്ക് മാറ്റുകയും ചെയ്തു. 

കൊടിമരത്തിനായി 3.2 രണ്ടു കോടി രൂപ ഫിനിക്‌സ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ അത് കൂടാതെ സ്വര്‍ണപ്പിരിവും പണപ്പിരിവും നടത്തി. എന്നാല്‍ ഈ പിരിവുകളുടെ കണക്കുകളും രേഖകളും ലഭ്യമല്ല.പ്രമുഖ സിനിമാതാരങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ കൊടിമരത്തിനായി പിരിച്ചുവെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌പോണ്‍സര്‍ ചെയ്തത് മറച്ചുവെച്ചിട്ടാണ് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ഭരണസമിതി തലപ്പത്തുണ്ടായ കാലത്ത് പണപ്പിരിവ് നടത്തിയത്.

Exit mobile version