ശബരിമല തീര്‍ത്ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പ്രതിദിനം 70,000പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങിന് പുറമെ , പതിനായിരം പേര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കുമന്ന് തിരുവിതാംകൂര്‍ ദേവിസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു .
വണ്ടിപ്പെരിയാര്‍,പമ്പ,എരുമേലി എന്നിവിടങ്ങളില്‍ റിയല്‍ ടൈം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്‌പോട്ട് ബുക്കിങ്ങ് ചെയ്യുന്നവര്‍ക്ക് ഫോട്ടോ പതിച്ച പാസ് നല്‍കാനാണ് തീരുമാനം. ഈ സീസണിന്റെ തുടക്കം മുതല്‍ തന്നെ ഭക്തര്‍ക്ക് 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശബരിമലയില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടയ്ക്കുക. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നട തുറക്കും. രാത്രി 11 മണി വരെ നട തുറന്നിരിക്കുമെന്നും, അതുവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്നവരില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. എല്ലാ മേഖലയിലും സുഖകരമായ നല്ല ദര്‍ശനത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത് എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു.